ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടറായി ഡല്‍ഹി പൊലീസ് കമീഷണര്‍ അലോക് കുമാര്‍ വര്‍മയെ നിയമിച്ച നടപടിയില്‍ ഇടപെടാനില്ളെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാര്‍, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സമിതിയാണ് അലോക് കുമാര്‍ വര്‍മയെ തെരഞ്ഞെടുത്തത്. സമിതി യോഗത്തിന്‍െറ മിനുട്സ് കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുന്നില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന എന്‍.ജി.ഒ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ ഇടപെടാനില്ളെന്ന് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതിയെ, സി.ബി.ഐ ഡയറക്ടറെ നിയമിച്ചതായി അറ്റോണി ജനറല്‍ മുകുള്‍ റോഹതഗി അറിയിച്ചു. മിനുട്സ് സംബന്ധിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. മിനുട്സ് ഹാജരാക്കി വിഷയം സങ്കീര്‍ണമാക്കുന്നത് സമിതിയുടെ കാര്യക്ഷമതയെ ചോദ്യചെയ്യുന്നതിന് തുല്യമാണെന്നും രോഹതഗി പറഞ്ഞു. എന്നാല്‍, മിനുട്സ് ഹാജരാക്കുന്നതിന് സന്നദ്ധമാണെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യം കോമണ്‍ കോസിനു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. നിയമങ്ങളും നടപടികളും പൂര്‍ണമായും പിന്തുടര്‍ന്നാണോ നിയമനമെന്ന് മിനുട്സ് പരസ്യമാക്കുമ്പോള്‍ അറിയാം. ഡിസംബര്‍ രണ്ടിന് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ സ്ഥാനമൊഴിഞ്ഞിട്ടും സമിതി ആ മാസം ചേരാത്തത് ദുരൂഹമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ഈ വാദം കോടതി തള്ളുകയായിരുന്നു.
നിയമനത്തില്‍ വിയോജിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അലോക് വര്‍മയെ നിയമിച്ചതില്‍ സര്‍ക്കാറിന് വിയോജനക്കുറിപ്പ് അയച്ച് കോണ്‍ഗ്രസ്. ലോക്സഭ പ്രതിപക്ഷ നേതാവും സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍ അംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മൂന്നു പേജ് അങ്ങുന്ന വിയോജനക്കുറിപ്പ് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനായ സമിതിയില്‍ അദ്ദേഹവും മറ്റൊരു അംഗമായ ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറുമാണ് വര്‍മയെ സി.ബി.ഐ ഡയറക്ടറാക്കാനുള്ള നിര്‍ദേശത്തെ വ്യാഴാഴ്ച അംഗീകരിച്ചത്. ഡല്‍ഹി പൊലീസ് കമീഷണറാണ് അലോക് വര്‍മ. സി.ബി.ഐപോലുള്ള ദേശീയ അന്വേഷണ സംഘത്തിലോ അഴിമതി വിരുദ്ധ സേനയിലോ വര്‍മക്ക് പ്രവര്‍ത്തിച്ച് പരിചയമില്ല. രാജ്യത്തെ പ്രധാന അന്വേഷണ സംഘത്തെ നയിക്കാന്‍ ഉയര്‍ന്ന യോഗ്യതയും സീനിയോറിറ്റിയുമുള്ള ആളെയാണ് ആവശ്യമെന്നും ഖാര്‍ഗെ അയച്ച വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. സി.ബി.ഐ ഡയറക്ടറായിരുന്ന അനില്‍ സിന്‍ഹ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് വിരമിച്ച ഒഴിവിലേക്ക് ഗുജറാത്ത് കേഡറിലുള്ള രാകേഷ് അസ്താനിയെ ഇടക്കാലത്തേക്ക് നിയമിച്ചിരുന്നു. സീനിയോറിറ്റി മറികടന്നാണ് അസ്താനിയുടെ നിയമനമെന്ന് കാണിച്ച് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീച്ചു. ഇതിനിടയിലാണ് വര്‍മയെ രണ്ടു വര്‍ഷത്തേക്ക് ഡയറക്ടറായി നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.