ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ കൈക്കൂലി വാങ്ങിയ സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് സി.ബി.ഐ. മുതിർന്ന രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ആരോപണ വിധേയരായ രണ്ടുപേർക്കെതിരെ നടപടികൾ ആരംഭിച്ചതായും സി.ബി.ഐ അറിയിച്ചു. കേസിൽ നാലുപേരെയും പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഡി.എസ്.പി റാങ്കിലുള്ള ആർ.കെ. റിഷി, ഡി.എസ്.പി ആർ.കെ. സാങ്വാൻ (ബ്യൂറോ ആൻഡ് മിനിസ്ട്രി പേഴ്സനൽ), കപിൽ ധാൻഖഡ്, സ്റ്റെനോ സമീർ കുമാർ സിങ് എന്നിവർക്കെതിരെയാണ് നടപടി. ഈ ഉദ്യോഗസ്ഥർ ചില കേസുകളിൽ കൈക്കൂലി വാങ്ങി വിട്ടുവീഴ്ചകൾ ചെയ്തതായി സി.ബി.ഐ ആരോപിച്ചു.
ശ്രീ ശ്യാം പൾപ്പ് ആൻഡ് ബോർഡ് മിൽസ് പ്രൈവറ്റ് ലിമിറ്റഡിലെ മൻദീപ് കൗർ ദില്ലോണിന് വേണ്ടി മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ആർ.കെ. സാങ്വാൻ, ഇൻസ്പെക്ടർ കപിൽ ധാൻഖഡിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിനുപിന്നാലെ കപിൽ ധാൻഖഡ് ആർ.കെ. സാങ്വാനിന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതായും ഇത് പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും സി.ബി.ഐ എഫ്.ഐ.ആറിൽ പറയുന്നു.
കൂടാതെ ഫ്രോസ്റ്റ് ഇൻറർനാഷനൽ കമ്പനിക്ക് വേണ്ടി കൈക്കൂലി വാങ്ങിയതായും സി.ബി.ഐ പറയുന്നു. 14 ബാങ്കുകളിൽനിന്നായി 3500കോടി തട്ടിയ കേസിൽ അന്വേഷണം നേരിടുന്ന കമ്പനിയാണ് ഫ്രോസ്റ്റ് ഇൻറർനാഷനൽ.
വ്യാഴാഴ്ച സി.ബി.ഐ ആസ്ഥാനത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഡൽഹി, ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം, മീററ്റ്, കാൺപുർ ഉൾപ്പെടെ 14ഓളം കേന്ദ്രങ്ങളിലായിരുന്നു സി.ബി.ഐ റെയ്ഡ്. ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂനിറ്റിന്‍റെ നേതൃത്വത്തിലുള്ള പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.