ചാന്നാർ ലഹളയെക്കുറിച്ചുള്ള പാഠഭാഗം സി.ബി.എസ്.ഇ നീക്കി

ന്യൂഡല്‍ഹി: തിരുവിതാംകൂറിലെ ‘മാറുമറയ്ക്കല്‍ സമര’വുമായി (ചാന്നാര്‍ ലഹള) ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍നിന്ന് നീക്കി. ഒമ്പതാം ക്ളാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍നിന്നുള്ള ഭാഗമാണ് നീക്കിയതെന്നും  ചോദ്യപേപ്പറില്‍ പ്രസ്തുത ഭാഗത്തുനിന്നുള്ള ചോദ്യം ഉണ്ടാവില്ളെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. തീരുമാനം അറിയിച്ച് 19000ലേറെ വരുന്ന അഫിലിയേറ്റഡ് സ്കൂളുകള്‍ക്ക് സി.ബി.എസ്.ഇ  ബോര്‍ഡ് സര്‍ക്കുലര്‍ അയച്ചു.

തമിഴ്നാട്ടിലെ എ.ഐ.ഡി.എം.കെ, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുടെയും നാടാര്‍ സമുദായത്തിന്‍െറയും എതിര്‍പ്പ്  പരിഗണിച്ചാണ് നടപടിയെന്ന് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഋഷികേഷ് സേനാപതി  പറഞ്ഞു.   2006 07 വര്‍ഷം മുതല്‍ പ്രാബല്യത്തിലുള്ള പാഠപുസ്തകം  എന്‍.സി.ഇ.ആര്‍.ടി തയാറാക്കിയതാണ്. സാമൂഹിക ശാസ്ത്ര പുസ്തകത്തിലാണ് ചാന്നാര്‍ ലഹളയെക്കുറിച്ചുള്ള പരാമര്‍ശം. 19ാം നൂറ്റാണ്ടില്‍ അന്നത്തെ തിരുവിതാംകൂര്‍ സ്റ്റേറ്റില്‍ താഴ്ന്നവിഭാഗത്തില്‍ പെട്ട ചാന്നാര്‍  ജാതിയിലെ സ്ത്രീ, പുരുഷന്മാര്‍ക്ക് മാറു മറയ്ക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. മാറുമറയ്ക്കാനുള്ള അവകാശം ആവശ്യപ്പെട്ട് രംഗത്തുവന്ന ഒരു സംഘം ചാന്നാര്‍ സ്ത്രീകള്‍  വിലക്ക് ലംഘിച്ച് മാറുമറച്ച് നിരത്തിലിറങ്ങിയതിന്‍െറ  പേരില്‍ 1822 മേയില്‍ ആക്രമിക്കപ്പെട്ടു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പലപ്പോഴായി ചാന്നാര്‍ സ്ത്രീകള്‍ വിലക്ക് ലംഘിച്ച് മാറുമറയ്ക്കാന്‍ ധൈര്യം കാണിച്ച് രംഗത്തുവന്നു. ഒടുവില്‍ 1859ല്‍ അന്നത്തെ ഭരണകൂടം ചാന്നാര്‍  ജാതിയിലെ സ്ത്രീപുരുഷന്മാര്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം നല്‍കി ഉത്തരവിറക്കി.

പാഠപുസ്തകത്തില്‍ പറയുന്ന ഇത്രയും സംഭവം ചരിത്രപരമായി ശരിയായ ഒന്നാണെന്ന് പുസ്തകത്തിന്‍െറ കോഓഡിനേറ്റര്‍ പ്രഫ. കിരണ്‍ ദേവേന്ദ്ര പറഞ്ഞു. പണ്ടുകാലത്ത് സമുദായത്തില്‍പെട്ട സ്ത്രീകള്‍ മാറുമറച്ചിരുന്നില്ളെന്ന് പറയുന്ന പാഠഭാഗം നാടാര്‍ വിഭാഗത്തിന് ആക്ഷേപകരമാണെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി.
ചാന്നാര്‍ എന്നുവിളിക്കപ്പെട്ട സമുദായം  ഇന്ന് നാടാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.ചാന്നാര്‍ ലഹളയെക്കുറിച്ചുള്ള പാഠഭാഗം സി.ബി.എസ്.ഇ നീക്കി

Tags:    
News Summary - cbse removed text about channar strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.