ആമസോണിന് 200 കോടി പിഴ ചുമത്തി ഇന്ത്യ കോമ്പറ്റീഷൻ കമീഷൻ

ന്യൂഡൽഹി: ഇ-കോമേഴ്സ് കുത്തക ആമസോണിന് ഇന്ത്യ കോമ്പറ്റീഷൻ കമീഷൻ (സി.സി.ഐ) 200 കോടി രൂപ പിഴ ചുമത്തി. ഫ്യൂച്ചർ റീട്ടെയിൽ ഗ്രൂപ്പിന്‍റെ ഫ്യൂച്ചർ കൂപ്പൺസ് ഏറ്റെടുത്ത 2019ലെ ആമസോണിന്‍റെ കരാറും താൽക്കാലികമായി റദ്ദാക്കി.

റെഗുലേറ്ററി അനുമതി തേടുമ്പോൾ വസ്തുതകൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ 200 കോടി രൂപ പിഴ ചുമത്തിയത്. 2019ലെ കരാറിന്‍റെ യഥാർഥ ലക്ഷ്യവും വിശദാംശങ്ങളും ആമസോൺ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിച്ചെന്നും 57 പേജുള്ള സി.സി.ഐ റിപ്പോർട്ടിൽ പറയുന്നു. ഫ്യൂച്ചർ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ മാതൃ സ്ഥാപനമായ ഫ്യൂച്ചർ റീടെയിലിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ല‍ക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച് ഫ്യൂച്ചർ കൂപ്പൺസും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സും നൽകിയ പരാതിയിലാണ് നടപടി.

ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിലെ 49 ശതമാനം ഓഹരികൾ ആമസോൺ ഏറ്റെടുത്തിരുന്നു. 2019ലായിരുന്നു ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള ഈ ഇടപാട് നടന്നത്.

2020 ആഗസ്റ്റിൽ ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ 3.4 ബില്യൺ ഡോളർ മൂല്യമുള്ള റീടെയിൽ ആസ്തികൾ വാങ്ങുമെന്ന് റിലയൻസ് റീടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡും (ആർ.ആർ.വി.എൽ) അറിയിച്ചു. ഇതിനെതിരെ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ആമസോൺ നിയമനടപടികളുമായി മുന്നോട്ടുപോയത്. തങ്ങളുമായുള്ള കരാറിന് വിരുദ്ധമായാണ് ഓഹരികൾ റിലയൻസിന് വിൽക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് തീരുമാനിച്ചതെന്നായിരുന്നു ആമസോൺ ആരോപണം.

ഇരുവരും തമ്മിലുള്ള നിയമപോരാട്ടം തുടരുകയാണ്. നേരത്തെ തന്നെ ക്ലിയറൻസ് ലഭിച്ച കരാർ റദ്ദാക്കാൻ കോമ്പറ്റീഷൻ കമീഷന് അധികാരമില്ലെന്നാണ് ആമസോൺ വാദം. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമപരമായ സമിതിയാണ് സി.സി.ഐ. കമ്പനികൾക്കിടയിൽ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതുമാണ് ചുമതല. ഇന്ത്യൻ റീടെയിൽ വിപണിയിൽ ഒന്നാമതെത്താൻ ആമസോണും റിലയൻസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

Tags:    
News Summary - CCI slaps Rs 200 crore-penalty on Amazon, suspends approval for Future Coupons deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.