സുപ്രീംകോടതിയിൽ കേന്ദ്ര-കേരള വാഗ്വാദം; കൂടുതൽ കടബാധ്യത വരുത്തിയതാര്?

ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറാണോ കേരളത്തിലെ പിണറായി വിജയൻ സർക്കാറാണോ രാജ്യത്തിന് ഏറ്റവും കൂടുതൽ കടബാധ്യത വരുത്തിവെച്ചത് എന്നതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ സുപ്രീംകോടതിയിൽ നടന്നത് രൂക്ഷമായ വാഗ്വാദം. കേരളം വാങ്ങിക്കൂട്ടുന്ന കടം രാജ്യത്തിന് മൊത്തം ബാധ്യതയാകുമെന്ന് വാദിച്ച കേന്ദ്ര സർക്കാറിന്, കേന്ദ്രം ഉണ്ടാക്കിവെച്ച കടം എട്ടു ലക്ഷം കോടി രൂപയാണെന്ന് കേരളം മറുപടി നൽകി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കേന്ദ്ര സർക്കാറിന്റെ ധന മാനേജ്മെന്റ് കൊണ്ടാണെന്ന കേന്ദ്രവാദം സുപ്രീംകോടതി അംഗീകരിച്ചു.

കേന്ദ്രത്തിന്റെ ഭാഗമാണ് എല്ലാ സംസ്ഥാനങ്ങളുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടപ്പോൾ ചില ഭാഗങ്ങൾക്ക് ചിലപ്പോൾ സർജിക്കൽ ഓപറേഷൻ വേണ്ടിവരുമെന്ന് അറ്റോണി ജനറൽ പ്രതികരിച്ചു. തങ്ങൾ ​ക്രച്ചസിലാണെന്ന് വല്ലവരും പറയുന്നുണ്ടെങ്കിൽ അതവരുടെ കുറ്റമാണെന്ന് എ.ജി പറഞ്ഞപ്പോൾ കേരളം ക്രച്ചസിലല്ലെന്ന് സിബൽ ഇടപെട്ടു. ഉത്തർപ്രദേശിനോട് കാണിക്കുന്ന ചായ്‍വ് കേന്ദ്രത്തി​ന്റെ പക്ഷപാതിത്വത്തിന് ഉദാഹരണമായി സിബൽ ചൂണ്ടിക്കാട്ടി.

സൗജന്യങ്ങളുടെ വിഷയം സുപ്രീംകോടതി പരാമർശിച്ചപ്പോൾ കേരളത്തിൽ സൗജന്യങ്ങളില്ലെന്ന് സിബൽ മറുപടി നൽകി. സാമ്പത്തിക അച്ചടക്കമില്ലായ്മ സംസ്ഥാനങ്ങൾക്കുമേൽ ആരോപിക്കുന്നുണ്ടല്ലോ എന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ കേരളത്തിന്റെ കേസ് അതല്ലെന്നായിരുന്നു മറുപടി. സുപ്രീംകോടതിയിലെ കേസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുണ്ടെന്നും കേരള നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നുണ്ടെന്നും പരാതി​പ്പെട്ട എ.ജി ഇതിൽ നിന്നവരെ തടയണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അവരും പരസ്യപ്രസ്താവന നടത്തുന്നുണ്ടെന്നും ഏറ്റവും വലിയ ഓഫിസിൽനിന്ന് തന്നെയാണിത് വന്നതെന്നും സിബൽ തിരിച്ചടിച്ചു. പ്രസ്താവന നടത്തിയയാളുടെ പേര് പറയണോ എന്ന് ചോദിച്ച സിബൽ, അവർ നടത്തുന്നില്ലെങ്കിൽ തങ്ങളും നടത്തില്ലെന്ന് വ്യക്തമാക്കി. ഇരുകൂട്ടരും പരസ്യ പ്രസ്താവന നടത്തരുതെന്ന് കോടതി തർക്കത്തിനിടെ നിർദേശിച്ചു. 

Tags:    
News Summary - Central-Kerala debate in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.