അഞ്ച് ലക്ഷം എ.കെ 203 തോക്കുകൾ നിർമിക്കാൻ കേന്ദ്രാനുമതി

ന്യൂഡൽഹി: അഞ്ച് ലക്ഷം എ.കെ 203 തോക്കുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി. ഉത്തർപ്രദേശിലെ അമേത്തിയിൽ സ്ഥിതി ചെയ്യുന്ന കോർവ ഒാർഡിനൻസ് ഫാക്ടറിയിലാണ് തോക്ക് നിർമാണം നടക്കുക. പ്രതിരോധ നിർമാണമേഖല സ്വയംപര്യാപ്തത കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര തീരുമാനം. തോക്ക് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ഭാഗങ്ങളും ആവശ്യമായതിനാൽ അതുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

മൂന്ന് പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന ഇൻസാസ് റൈഫിളിന് പകരമായാണ് എ.കെ 47 തോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പായ എ.കെ 203 തോക്കുകൾ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞ തോക്കിന്‍റെ ദൂരപരിധി 300 മീറ്ററാണ്.

ഭീകര വിരുദ്ധവേട്ടക്കും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി എ.കെ 203 തോക്കുകളാണ് കരസേന ഉപയോഗിക്കുന്നത്. ഒാപറേഷൻ വേളകളിൽ എ.കെ 203 തോക്കുകൾ വളരെ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സാധിക്കും.

ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ആർ.ആർ.പി.എൽ) സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ഒാർഡിനൻസ് ഫാക്ടറിയും കലാഷ്നിക്കോവ് കൺസോണും റോസോബോൺ എക്സ്പോർട്ട്സും ചേർന്നാണ് അമേത്തിയിൽ തോക്ക് നിർമാണകമ്പനി സ്ഥാപിച്ചത്.

കരസേനക്ക് വേണ്ടി ഏഴര ലക്ഷം എ.കെ 203 തോക്കുകൾ നിർമിക്കാനുള്ള കരാറിൽ 2019ൽ ഇന്ത്യയും റഷ്യയും ഏർപ്പെട്ടിരുന്നു. ഇതിൽ ഒരു ലക്ഷം തോക്കുകൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യും.

Tags:    
News Summary - Centre approves plan to manufacture 5 lakh AK-203 rifles in UP's Amethi: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.