ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനികർ നടത്തിയ ക്രൂരപീഡനത്തെക്കുറിച്ച് തയാറാക്കിയ റിപ്പോർട്ട് 24 മണിക്കൂറിനകം പിൻവലിക്കാൻ ‘ദി കാരവൻ’ മാസികക്ക് കേന്ദ്രസർക്കാർ നിർദേശം. വിവരസാങ്കേതികവിദ്യ നിയമത്തിലെ വിവാദ വ്യവസ്ഥകൾ പ്രകാരമാണ് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തരുതെന്നാണ് നിർദേശമെന്നിരിക്കെ, ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മാധ്യമസ്ഥാപനം സമൂഹമാധ്യമമായ ‘എക്സി’ലൂടെ അറിയിച്ചു.
‘മോദിയുടെ കീഴിലെ സൈന്യം’ എന്ന പ്രമേയവുമായി ഇറങ്ങിയ ദി കാരവന്റെ ഫെബ്രുവരി ലക്കത്തിൽ ജതീന്ദർ കൗർ തുർ എന്ന മാധ്യമപ്രവർത്തകൻ തയാറാക്കിയ ‘സേനാ കേന്ദ്രത്തിൽനിന്നുള്ള നിലവിളി’യെന്ന റിപ്പോർട്ടാണ് അടിയന്തരമായി നീക്കണമെന്ന് നിർദേശിച്ചത്. വെബ്സൈറ്റിൽ വന്നിട്ടുള്ള വാർത്ത ഇതിനകം കാരവൻ മാസിക അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞതാണ്. ഓൺലൈനിൽനിന്ന് 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ വെബ്സൈറ്റ് പൂർണമായിതന്നെ നീക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ഡിസംബർ 23ന് സൈനികരെന്ന് കരുതുന്ന അജ്ഞാതർ നാല് സാധാരണക്കാരെ വധിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടാണിത്. ഇതേക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക കസ്റ്റഡിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. പീഡനത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് സേന വിശദീകരിച്ചത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് തയാറാക്കിയതാണ് ‘ദി കാരവൻ’ റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കൈമാറുന്നുവെന്ന് പറയുന്ന ഒരാളുടെ കുടുംബത്തിന് മരണം നടന്നശേഷം കാരണമൊന്നും പറയാതെ സേന 10 ലക്ഷം രൂപ നൽകിയെന്ന വിവരണവും അതിലുണ്ട്. രണ്ടു ഡസനിലേറെ ആളുകളെ പിടിച്ചുകൊണ്ടുപോയി സൈനികർ ഭീകരമായി മർദിച്ചതായും പറയുന്നു. ഇതത്രയും ഒരു ബ്രിഗേഡിയറുടെ നിർദേശപ്രകാരമായിരുന്നുവത്രെ. പൊലീസ്, സൈനിക, ജില്ല അധികൃതരോട് ലേഖകൻ പ്രതികരണം ആരാഞ്ഞെങ്കിലും ആരും പ്രതികരിച്ചില്ല.
പ്രസാധകരുടെ വിശദീകരണം തേടാതെതന്നെ വാർത്താ വെബ്സൈറ്റുകൾ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്ന് ഉള്ളടക്കം നീക്കുന്നതിന് വാർത്താവിതരണ മന്ത്രാലയത്തിന് സവിശേഷ അധികാരം നൽകുന്നതാണ് വിവാദ ഐ.ടി ചട്ടം. ഇതിനെതിരായ ഹരജികൾ കോടതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.