ന്യൂഡൽഹി: കശ്മീർ താഴ്വരയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ പ്രതിരോധിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. ഹിന്ദു-സിഖ് സമുദയങ്ങൾക്കെതിരായ ആക്രമണം തടയുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. കശ്മീരിൽ ലശ്കർ-ഇ-ത്വയിബയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചുവെന്ന വാർത്തക്ക് പിന്നാലെയാണ് പ്രഖ്യാപനം. ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുസംബന്ധിച്ച ചർച്ച നടത്തി.
കശ്മീരിലെ ഭീകരവാദം ഇല്ലാതാക്കാൻ എൻ.ഐ.എ ഉൾപ്പടെയുള്ള ഏജൻസികൾ രംഗത്തുണ്ട്. ഇതിനൊപ്പം സി.ആർ.പി.എഫിനോടും ബി.എസ്.എഫിനോടും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ലശ്കർ ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. ഇയാളിൽ നിന്നും എ.കെ 47 തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നിലവിൽ കശ്മീരിൽ നടക്കുന്ന അക്രമപ്രവർത്തനങ്ങൾ ഇല്ലാതാക്കുകയാണ് പ്രഥമലക്ഷ്യമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. അതിന് ശേഷം ഇവരുടെ പിന്നിലുള്ളവരേയും പിടികൂടുമെന്നും സർക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അമിത് ഷായും അജിത് ഡോവലും തമ്മിൽ നിർണായക ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.