പട്‌ന: എൽ.പി.ജി സിലിണ്ടറുകൾക്ക് 200 രൂപ കുറക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചത് പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ജനപ്രീതി വർധിക്കുന്നതിലുള്ള സമ്മർദ്ദം മൂലമാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പെട്രോൾ, ഡീസൽ വിലയും കുറക്കാൻ മോദി സർക്കാറിനെ ഇൻഡ്യ നിർബന്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ 9 വർഷമായി രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ ഇൻഡ്യയുടെ ജനപ്രീതിയെ ഭയപ്പെടുന്നു. ഇതിനെ മറികടക്കാനാണ് എൽപിജി സിലിണ്ടറിന്റെ വിലയിൽ നേരിയ കുറവ് വരുത്തിയത്. കാത്തിരുന്ന് കാണുക, ഇന്ധനത്തിന്റെയും സാധനങ്ങളുടെയും വില കുറയ്ക്കാൻ ഞങ്ങൾ അവരെ നിർബന്ധിക്കും. വ്യവസായികൾക്ക് രാജ്യത്തെ വിൽക്കാൻ ഞങ്ങൾ ഈ സർക്കാരിനെ അനുവദിക്കില്ല’ -തേജസ്വി യാദവ് വ്യക്തമാക്കി.
‘ഇൻഡ്യ ജനങ്ങളുടെ അഭിമാനമാണ്, ഇൻഡ്യ ജനങ്ങളുടെ ജീവിതമാണ്’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇൻഡ്യയുടെ മൂന്നാമത്തെ നേതൃയോഗത്തിൽ പങ്കെടുക്കാൻ പിതാവും ആർ.ജെ.ഡി പ്രസിഡന്റുമായ ലാലു പ്രസാദ് യാദവിനൊപ്പം മുംബൈയിലെത്തിയതാണ് തേജസ്വി. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം, മുൻ മന്ത്രി നസീം ഖാൻ, ബാബാ സിദ്ദിഖി, സച്ചിൻ അഹിർ തുടങ്ങിയവർ മുംബൈ വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു. മോദി ഇത്തവണ അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.