മുംബൈ: ജി.എസ്.ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾ നേരിടുന്ന വരുമാനനഷ്ടം പരിഗണിച്ച് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായം തുടരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. അഞ്ചുവർഷമായി നൽകുന്ന സഹായം ഈയിടെ നിർത്തലാക്കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ തുക നൽകുന്നത് രണ്ട് വർഷമെങ്കിലും കേന്ദ്ര സർക്കാർ തുടരണമെന്നും ഇല്ലെങ്കിൽ തങ്ങൾ മറ്റുവഴിനോക്കുമെന്നും പവാർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 73-ാമത് റിപബ്ലിക് ദിനത്തിൽ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഞങ്ങളുടെ പ്രതീക്ഷ. അഞ്ച് വർഷം മുമ്പ് ജി.എസ്.ഡി (ചരക്ക് സേവന നികുതി) നിലവിൽ വന്നശേഷം, ഓരോ സംസ്ഥാനത്തിനും കേന്ദ്രത്തിൽ നിന്ന് ഒരു നിശ്ചിത തുക നൽകിയിരുന്നു. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ഈ സഹായം രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ ഞങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. കേന്ദ്ര സർക്കാർ ഈ സഹായം നിർത്തുകയാണെങ്കിൽ മറ്റുമാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. മഹാരാഷ്ട്രയിൽനിന്ന് കേന്ദ്രം ശേഖരിച്ച ജി.എസ്.ടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങൾ പരിശോധിക്കും. ഇതുവരെയുള്ള റവന്യൂ പിരിവിൻെറ കണക്കെടുക്കാൻ ഞാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് " -അജിത് പവാർ വ്യക്തമാക്കി.
ഫെബ്രുവരി 1 മുതൽ കോളേജുകൾ തുറക്കുമെന്നും സ്കൂളുകൾ തുറക്കൽ, മറ്റ് നിയന്ത്രണങ്ങൾ എന്നിവയെ കുറിച്ച് അടുത്ത ആഴ്‌ചത്തെ അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.