ആധാർ വിവര സംരക്ഷണ നീക്കം തടഞ്ഞ് കേന്ദ്രം

ന്യൂഡല്‍ഹി: ദുരുപയോഗ സാധ്യതയുള്ളതിനാൽ ആധാർ പകർപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകരുതെന്ന സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ അസാധാരണ നിർദേശം അടിയന്തര ഇടപെടലിലൂടെ കേന്ദ്ര ഇലക്ട്രോണിക്-ഐ.ടി മന്ത്രാലയം പിൻവലിപ്പിച്ചു.

സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.എ.ഡി.എ.ഐ) വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശമാണ്, മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കാൻ ഇടയുണ്ടെന്ന് വിശദീകരിച്ച് മന്ത്രാലയം പിൻവലിപ്പിച്ചത്. പൗരൻമാരുടെ വ്യക്തിവിവര സംരക്ഷണം ലക്ഷ്യമിട്ടുള്ള യു.എ.ഡി.എ.ഐയുടെ മുന്നറിയിപ്പിനെ തടഞ്ഞ കേന്ദ്ര നിർദേശം അമ്പരപ്പിക്കുന്നതാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ആധാർ കാർഡിന്‍റെ പകർപ്പ് സ്ഥാപനങ്ങൾക്ക് കൈമാറരുതെന്നും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും പകരം യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആധാര്‍ നമ്പറിന്‍റെ അവസാനത്തെ നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന, മാസ്‌ക് ചെയ്ത ആധാര്‍ പകര്‍പ്പ് ഉപയോഗിക്കണമെന്നുമായിരുന്നു യു.എ.ഡി.എ.ഐ നിർദേശിച്ചത്. ഇന്റര്‍നെറ്റ് കഫേകളില്‍നിന്നും ഇ-ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണം.

ഡൗണ്‍ലോഡ് ചെയ്താല്‍ പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍നിന്നും നീക്കം ചെയ്തെന്ന് ഉറപ്പുവരുത്തണം. യൂസര്‍ ലൈസന്‍സ് നേടിയിട്ടില്ലാത്ത ഹോട്ടലുകള്‍, തിയറ്ററുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും പകര്‍പ്പുകള്‍ സൂക്ഷിക്കുന്നതും കുറ്റകരമാണെന്നും നിർദേശം പറഞ്ഞിരുന്നു. ഈ നിർദേശം പുറത്തിറങ്ങിയതിനുപിന്നാലെയായിരുന്നു മന്ത്രാലയത്തിന്റെ ഇടപെടൽ.

ആധാര്‍ കാര്‍ഡ് ഉടമസ്ഥരുടെ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ അധിക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട ആവശ്യം ഇല്ലെന്നും നിർദേശം പിൻവലിച്ച പ്രസ്താവനയിൽ മന്ത്രാലയം വിശദീകരിച്ചു.

Tags:    
News Summary - Centre withdraws 'don't share Aadhaar photocopy' advice, says exercise 'normal prudence'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.