മീററ്റ്: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ അഞ്ചുതവണ വാക്സിൻ സ്വീകരിച്ചെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നുവെന്ന പരാതിയുമായി ഉത്തർപ്രദേശിലെ ബി.ജെ.പി പ്രദേശിക നേതാവ്. തന്‍റെ വാക്സിൻ സർട്ടിഫിക്കറ്റിൽ അഞ്ചുതവണ കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ചതായി കാണിച്ചിട്ടുണ്ടെന്നും കൂടാതെ പോർട്ടലിൽ ആറാമത്തെ ഡോസിനായി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും 73കാരനായ രാംപാൽ സിങ്ങിന്‍റെ പരാതിയിൽ പറയുന്നു.
വാക്സിൻ സർട്ടിഫിക്കറ്റിൽ തെറ്റായ രേഖകൾ കാണിച്ചിരിക്കുകയാണെന്നും ഇത് അധികൃതരുടെ അനാസ്ഥയുമാണെന്നാണ് രാംപാലിന്‍റെ പരാതി. ബി.ജെ.പി പ്രദേശിക നേതാവും ഹിന്ദു യുവ വാഹിനി അംഗവുമാണ് രാംപാൽ. അതേസമയം, വാക്സിൻ സർട്ടിഫിക്കറ്റിൽ തെറ്റുവന്നതിന് പിന്നിൽ ഗൂഡാലോചനയാണെന്നും പോർട്ടൽ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും അധികൃതർ പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് പോർട്ടലിൽനിന്ന് രാംപാൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തത്. സർട്ടിഫിക്കറ്റിൽ അഞ്ചുഡോസ് സ്വീകരിച്ചതായും ഒരു ഡോസ് വാക്സിൻ 2021 ഡിസബറിനും 2022 ജനുവരിക്കും ഇടയിൽ ഷെഡ്യൂൾ ചെയ്തതായും കാണിക്കുന്നു. രാംപാൽ ആദ്യ ഡോസ് വാക്സിൻ മാർച്ച് 16നും രണ്ടാം ഡോസ് മേയ് എട്ടിനുമാണ് സ്വീകരിച്ചത്. എന്നാൽ സർട്ടിക്കറ്റിൽ ആദ്യ ഡോസ് വാക്സിൻ മാർച്ച് 16, രണ്ടാം ഡോസ് മേയ് എട്ട്, മൂന്നാം ഡോസ് മേയ് 15, നാലും അഞ്ചും ഡോസ് സെപ്റ്റംബർ 15ന് എന്നിങ്ങനെ സ്വീകരിച്ചതായി കാണിച്ചിട്ടുണ്ട്.
വാക്സിൻ ഡോസുകൾ രണ്ടിൽ കൂടുതൽ തവണ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അഖിലേഷ് മോഹൻ പറഞ്ഞു. പ്രഥമദൃഷ്ട്യാ സംഭവത്തിന് പിന്നിൽ ഗൗഡാലോചനയാണെന്നും പോർട്ടൽ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ജില്ല ഇമ്യൂണൈസേഷൻ ഓഫിസറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.