ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ 27-ാമത് ചെയർമാനായി ചല്ല ശ്രീനിവാസുലു സെട്ടി ചുമതലയേറ്റു. എസ്.ബി.ഐയുടെ ഏറ്റവും മുതിർന്ന ഡയറക്ടറായിരുന്നു അദ്ദേഹം. ദിനേഷ് കുമാർ ഖാരയുടെ കാലാവധി പൂർത്തിയായതോടെയാണ് ശ്രീനിവാസുലു സെട്ടിയെ പുതിയ ചെയർമാനായി നിയമിച്ചത്.
കേന്ദ്ര സർക്കാറിന്‍റെ വിവിധ ടാസ്‌ക് ഫോഴ്‌സ്/ കമ്മിറ്റികളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ശ്രീനിവാസുലു സെട്ടി എസ്.ബി.ഐയുടെ റീട്ടെയിൽ, ഡിജിറ്റൽ ബാങ്കിങ് വിഭാഗങ്ങളുടെ തലവനായിരുന്നു. 1988ൽ പ്രൊബേഷണറി ഓഫീസറായാണ് എസ്.ബി.ഐയിൽ പ്രവേശിച്ചത്.
അഗ്രികൾച്ചറിൽ സയൻസ് ബിരുദം നേടിയ സെട്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്‍റെ സർട്ടിഫൈഡ് അസോസിയേറ്റുമാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, കോർപ്പറേറ്റ് ക്രെഡിറ്റ്, റീട്ടെയിൽ, ഡിജിറ്റൽ, ഇന്‍റർനാഷണൽ ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.