റാഞ്ചി: ഝാർഖണ്ഡിൽ പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ചംപായ് സോറൻ. ഇതുസംബന്ധിച്ച് അദ്ദേഹം ഗവർണർ സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപവത്കരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും ചംപായ് സോറൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ രൂപവത്കരിക്കാൻ ഉടൻ നടപടികൾ തുടങ്ങുമെന്ന് ഗവർണർ ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഹേമന്ത് സോറൻ രാജിവെച്ചതിനു പിന്നാലെ മുതിർന്ന നേതാവും ഗതാഗത മന്ത്രിയുമായ ചംപായ് സോറനെ ഝാർഖണ്ഡ് മുക്തി മോർച്ച മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചക്കായി ഗവർണർ ചംപായ് സോറനെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഭൂമികുംഭകോണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതോടെയാണ് ഹേമന്ത് സോറൻ രാജിവെച്ചത്. എന്നാൽ രാജിവെച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ ഗവർണറുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഭരണകക്ഷി എം.എൽ.എമാരെ ചാക്കിട്ടു പിടിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിനാണ് ബി.ജെ.പി നീക്കമെന്നും ആരോപണമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.