മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് ക്ലീന്‍റചിറ്റ് നൽകി ജസ്റ്റിസ് കെ.യു ചണ്ഡിവാളിന്‍റെ ഏകാംഗ കമീഷന്‍. 201പേജുള്ള റിപ്പോർട്ടും 1,400 പേജുള്ള അനുബന്ധങ്ങളും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീലിനും ചൊവ്വാഴ്ച കമീഷന്‍ സമർപ്പിച്ചു. മുൻ മുംബൈ പൊലീസ് മേധാവി പരം ബീർ സിങ് ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശ്മുഖിനെതിരെ അന്വേഷണം ആരംഭിച്ചത്.
കമീഷൻ റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിന് ശേഷം അത് പരസ്യമാക്കുന്നതിനെ സംബന്ധിച്ച് സർക്കാർ അറിയിക്കുമെന്നും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരം ബീർ സിങ് ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ വസ്തുത കണ്ടെത്താന്‍ കമീഷന് കഴിഞ്ഞില്ലെന്നും ഉദ്ധവ് താക്കറെയ്‌ക്കെഴുതിയ കത്തല്ലാതെ മറ്റ് തെളിവുകളൊന്നും കാണിച്ചുതരാന്‍ സിങിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ബാറുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ ദേശ്മുഖ് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് സിങ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പരാമർശിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ സ്ഥിരീകരിക്കാൻ തക്ക തെളിവുകളൊന്നും ഇല്ലാത്തതിനാൽ ഇത് നിഷേധിക്കുന്നതായി കമീഷന്‍ പറഞ്ഞു.
ഏകദേശം ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിന്‍റെ റിപ്പോർട്ടാണ് കമീഷന്‍ കഴിഞ്ഞ ദിവസം സമർപ്പിച്ചത്. ദേശ്മുഖ്, പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പടെയുള്ള നിരവധി പേരുടെ മൊഴികൾ കമീഷന്‍ രേഖപ്പെടുത്തിയിരുന്നു. ഒന്നിലധികം സമൻസുകൾക്ക് ശേഷം ഒരു തവണ മാത്രമാണ് സിങ് കമീഷന് മുന്നിൽ ഹാജരായത്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലുള്ള വിവരങ്ങളല്ലാതെ മറ്റൊന്നും പങ്കുവെക്കാനില്ലെന്നാണ് അന്ന് സിങ് കമീഷനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.