ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാൻ-മൂന്ന് ഒന്നാംഘട്ടത്തിൽ ഭ്രമണപഥമുയർത്തി. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയർത്തിയത്. ഇതോടെ ഭൂമിയിൽനിന്ന് ഏറ്റവും കുറഞ്ഞത് 173 കിലോമീറ്ററും ഏറ്റവും കൂടിയത് 41,762 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ഇപ്പോൾ ചന്ദ്രയാൻ-മൂന്ന് സഞ്ചരിക്കുന്നത്.
ഭൂമിയിൽനിന്ന് കുറഞ്ഞത് 170 കിലോമീറ്ററും പരമാവധി 36,500 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ആദ്യഘട്ടത്തിൽ ഭ്രമണം ചെയ്തിരുന്നത്. ബംഗളൂരുവിലെ ഇസ്ട്രാകിൽനിന്ന് നിയന്ത്രിക്കുന്ന ബഹിരാകാശ പേടകം സുരക്ഷിതമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ-മൂന്നിന്റെ ഭ്രമണപഥമുയർത്തിയത്. വരും ദിവസങ്ങളിലും ഓരോ ഘട്ടങ്ങളായി നാലു തവണകൂടി ഭ്രമണപഥമുയർത്തും.
ഭൂമിയിൽനിന്ന് 3,84,400 കിലോമീറ്റർ അകലെയാണ് ചന്ദ്രനുള്ളത്. ജൂലൈ 31ന് ഭൂമിയുടെ ഭ്രമണപഥത്തിലെ കറക്കം പൂർത്തിയാക്കുന്ന ചന്ദ്രയാൻ-മൂന്ന് ആഗസ്റ്റ് ഒന്നോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിത്തുടങ്ങും. ചാന്ദ്ര ഭ്രമണപഥത്തിൽ അഞ്ചു ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തിയ ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടും. അകത്ത് റോവറിനെയും വഹിച്ചുള്ള ലാൻഡറിന്റെ ചന്ദ്രനിലേക്കുള്ള ഗമനമാണ് പിന്നീടുള്ള പ്രധാന ഘട്ടം. സൂര്യവെളിച്ചം പതിയുന്നത് കണക്കാക്കി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ആഗസ്റ്റ് 23ന് മൃദുവിറക്കം നടത്തുകയാണ് ലക്ഷ്യം.
ദൗത്യത്തിലെ ഓരോ ഘട്ടവും നിർണായകമാണെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. പേടകം ചാന്ദ്ര ഭ്രമണപഥം കണ്ടെത്തേണ്ടതുണ്ട്. അതിന് സാധ്യമായില്ലെങ്കിൽ ചാന്ദ്രയാൻ-മൂന്നിന്റെ ദൗത്യം അവിടെ അവസാനിക്കും. തങ്ങളുടെ കണക്കുകൂട്ടലുകൾ ശരിയാവുമെന്നാണ് പ്രതീക്ഷ -സോമനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.