ചീറ്റപ്പുലിക്കൊപ്പം നിൽക്കുന്ന ജയ്റാം രമേശ്

'ചീറ്റപ്പുലികളുടെ തമാശകൾ' ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടു വന്നതിന് വ്യാപക പ്രചാരണം നൽകുന്ന കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്. വന്യമൃഗങ്ങളെ കൊണ്ടു വരുന്നതിന് യു.പി.എ സർക്കാർ സ്വീകരിച്ച നടപടികൾ ഓർമപ്പെടുത്തി മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് രംഗത്തെത്തി.

പ്രധാനമന്ത്രി നടത്തുന്ന തമാശ അനാവശ്യമാണെന്നും രാജ്യം നേരിടുന്ന നിരവധി വിഷയങ്ങളും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന ജനശ്രദ്ധയും വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. ചീറ്റപ്പുലിക്കൊപ്പം നിൽക്കുന്ന ചിത്രവും ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

2009-2011 കാലയളവിൽ താൻ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രിയായിരിക്കെ കടുവകളെ ആദ്യമായി പന്നയിലേക്കും സരിസ്കയിലേക്കും മാറ്റിയപ്പോൾ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ, ആ വിമർശനങ്ങൾ തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞതായും ജയ്റാം രമേശ് പറഞ്ഞു.


2010 ഏപ്രിൽ 25ന് താൻ നടത്തിയ കേപ്ടൗൺ സന്ദർശനത്തിലേക്ക് തിരിച്ചു പോകുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേന്ദ്രത്തിന്‍റെ ചീറ്റപ്പുലി പദ്ധതി. എന്നാൽ, ഇക്കാര്യത്തിൽ ഭരണത്തിലെ തുടർച്ച പ്രധാനമന്ത്രി ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചീറ്റപ്പുലി പദ്ധതിയിലും സമാനമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. പദ്ധതിയിൽ ഉൾപ്പെട്ട വിദഗ്ധർ ഒന്നാം നിരക്കാരാണെന്നും പദ്ധതി ഏറ്റവും മികച്ചതാകട്ടെ എന്നും ജയ്റാം രമേശ് ആശംസിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുറന്നു വിട്ടിരുന്നു. 70 വർഷത്തിന് ശേഷം ചീറ്റപ്പുലികളെ രാജ്യത്ത് എത്തിക്കുന്നതിനാൽ വലിയ പ്രചാരണമാണ് മോദി സർക്കാർ നൽകുന്നത്.

അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റപ്പുലികളെയാണ് നമീബിയയില്‍ നിന്നും എത്തിച്ചത്. പെണ്‍ ചീറ്റകള്‍ക്ക് രണ്ട്-അഞ്ച് വയസും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസുമാണ് പ്രായം. ലോക​ത്താകെ 7000ന് താഴെ ചീറ്റപ്പുലികൾ മാത്രമാണ് അവശേഷിക്കുന്നത്. 

Tags:    
News Summary - 'Cheetah release tamasha orchestrated by PM to avoid national issues': Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.