ചെന്നൈ: ജീവനക്കാരുടെ സംതൃപ്തിയും സന്തോഷവുമാണല്ലോ ഏതൊരു സ്ഥാപനത്തിന്‍റെയും വിജയത്തിന് പിന്നിലെ നിർണായക ഘടകം. അത്തരത്തിൽ ജീവനക്കാരുടെ സംതൃപ്തിക്കായി സ്ഥാപനങ്ങൾ പല വഴികളും തേടാറുണ്ട്. ചെന്നൈയിലെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാർക്കായി ഒരുക്കിയത് ഒരു വിനോദയാത്രയാണ്. ചെറിയൊരു യാത്രയൊന്നുമല്ല. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗംഭീരമൊരു ട്രിപ്പ് സ്പെയിനിലേക്ക്. അതും മുഴുവൻ ചെലവും കമ്പനി വക.
ചെന്നൈ കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കാസാഗ്രാൻഡ് ആണ് 1000 തൊഴിലാളികൾക്ക് സ്പെയിൻ ട്രിപ്പ് ഒരുക്കിയത്. കമ്പനിയുടെ ലാഭ വിഹിത ബോണസായാണത്രെ മുഴുവൻ ചെലവും വഹിച്ചുള്ള യാത്ര. 'കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളുകളുടെ അർപ്പണബോധവും പ്രതിബദ്ധതയും സഹകരണ മനോഭാവവും അംഗീകരിക്കുന്നതിനാണ് ഈ യാത്ര' -സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.
വിവിധ ഡിപ്പാർട്ട്മെന്‍റുകളിലെ മികവ് പുലർത്തിയ 1000 തൊഴിലാളികളെയാണ് വിനോദയാത്രക്ക് തിരഞ്ഞെടുത്തത്. കമ്പനി എക്സിക്യൂട്ടിവുകൾ മുതൽ സീനിയർ ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിലുണ്ട്. സ്പെയിനിൽ ബാഴ്സലോണ ഉൾപ്പെടെ പ്രമുഖ വിനോദകേന്ദ്രങ്ങളിലാണ് ജീവനക്കാർ ഒരാഴ്ച ചെലവിടുക.
2013ൽ നിലവിൽ വന്നത് മുതൽ ജീവനക്കാരെ ലോകത്തെങ്ങുമുള്ള വിവിധ കേന്ദ്രങ്ങളിൽ കാസാഗ്രാൻഡ് വിനോദസഞ്ചാരത്തിനായി കൊണ്ടുപോയിട്ടുണ്ട്. 50 ജീവനക്കാരുമായി സിംഗപ്പൂരിലേക്കായിരുന്നു ആദ്യത്തെ യാത്ര. 2014ൽ തായ്‍ലൻഡ്, 2015ൽ ശ്രീലങ്ക, 2016ൽ ദുബൈ, 2018ൽ മലേഷ്യ എന്നിവിടങ്ങളിലേക്കും ജീവനക്കാരുമായി യാത്രപോയി.
കോവിഡിന് ശേഷവും യാത്രാപദ്ധതി തുടർന്ന സ്ഥാപനം 2021ൽ ദുബൈയിലേക്കും അബൂദബിയിലേക്കുമാണ് ട്രിപ്പ് പോയത്. 2022ൽ സ്വിറ്റസർലൻഡിലേക്കും 2023ൽ ആസ്ട്രേലിയയിലേക്കുമാണ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.