തുടർച്ചയായി നാലു തവണ രാജ്നന്ദ്ഗാവിൽനിന്ന് വിജയിച്ച്, മൂന്നു തവണ ബി.ജെ.പി മുഖ്യമന്ത്രിയായ രമൺ സിങ് ഇത്തവണ സ്വന്തം മണ്ഡലത്തിൽ തന്നെ വിജയിക്കാൻ വിയർക്കുകയാണ്. പാർട്ടി അവഗണനയെ തുടർന്ന് രമൺ സിങ് നാലര വർഷം സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നത് മണ്ഡലത്തിലെ വോട്ടർമാരിലും പാർട്ടി പ്രവർത്തകരിലും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയെങ്കിലും മണ്ഡലത്തിൽ എം.എൽ.എയുടെ അസാന്നിധ്യം ചർച്ചയാക്കാൻ കോൺഗ്രസിന് ആയിട്ടുണ്ട്.
സവർണ വിഭാഗത്തിൽപെട്ട രമൺ സിങ്ങിനെ തോൽപിക്കാൻ മണ്ഡലത്തിലെ ഭൂരിപക്ഷ വോട്ടർമാരുള്ള പിന്നാക്ക വിഭാഗത്തിൽപെട്ട നെയ്ത്ത് സമുദായക്കാരനായ ഗിരീഷ് ദേവാംഗിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ അടക്കം മുതിർന്ന നേതാക്കൾ ഗിരീഷ് ദേവാംഗിനുവേണ്ടി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിൽ സജീവമാണ്. കൂടാതെ, രാജ്നന്ദ്ഗാവിൽ എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്ന് പറഞ്ഞതും രമൺ സിങ്ങിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഭൂരിപക്ഷം കുറയുമെങ്കിലും രാജ്നന്ദ്ഗാവ്, രമൺ സിങ്ങിനെ കൈവിടില്ലെന്നാണ് ബി.ജെ.പി പ്രതീക്ഷ.
’99ൽ രാജ്നന്ദ്ഗാവ് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവ് മോത്തിലാൽ വോറയെ തോൽപിച്ചാണ് രമൺ സിങ് ബി.ജെ.പി ദേശീയ തലത്തിലേക്ക് ഉയരുന്നത്. വാജ്പേയി സർക്കാറിൽ മന്ത്രിയായ രമൺ സിങ്ങിനെ ഛത്തിസ്ഗഢ് സംസ്ഥാനം രൂപവത്കരിച്ചതോടെ രാജ്നന്ദ്ഗാവ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് 2003ൽ മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരുകയായിരുന്നു.
2018ലെ തോൽവിയോടെയാണ് രമൺ സിങ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് അനഭിമതനാകുന്നത്. പിന്നാലെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്ന് പതിയെ പിൻവലിഞ്ഞു. എന്നാൽ, പുതിയൊരു നേതൃത്വത്തെ വളർത്തിക്കൊണ്ടുവരുന്നതിൽ ബി.ജെ.പിയുടെ പരാജയം രമൺ സിങ്ങിന് തന്നെ വീണ്ടും അവസരത്തിന് വഴി തെളിയിച്ചു.
പാർട്ടി അധികാരത്തിൽ എത്തിയാൽ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പദവി താൻ തേടിപ്പോകില്ല, പേര് നിർദേശിക്കപ്പെട്ടാൽ സ്വീകരിക്കും എന്നായിരുന്നു രമൺ സിങ്ങിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.