'ക്രിസ്തു മതം ഉപേക്ഷിക്കൂ'; പതിമൂന്നുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ഗ്രാമവാസികൾ

നാരായൺപൂർ: ഛത്തീസ്ഗഡിലെ ബ്രെഹബെദ ഗ്രാമത്തിൽ ടൈഫോയ്ഡ് ബാധിച്ച് മരണപ്പെട്ട പതിമൂന്നുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ഗ്രാമവാസികൾ. ക്രിസ്തു മതം ഉപേക്ഷിച്ചാൽ സംസ്കാരം നടത്താൻ അനുവദിക്കാമെന്നും ഗ്രാമവാസികൾ കുട്ടിയുടെ കുടുംബത്തോട് പറഞ്ഞു. കുട്ടിയെ സംസ്കരിക്കുന്നത് ക്രിസ്ത്യൻ മതവിശ്വാസ പ്രകാരമായതായിരുന്നു ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്. നാരായൺപൂർ സ്വദേശി സുനിതയാണ് മരണപ്പെട്ടത്.

നാരായൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടി മരണപ്പെട്ടത്. മൃതദേഹം വീട്ടിലെത്തിയതിന് പിന്നാലെ നിരവധി ഗ്രാമവാസികളും വീട്ടിലെത്തിയിരുന്നു. ഗ്രാമത്തിലെ ഭൂമിയിൽ ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരകർമങ്ങൾ അനുവദിക്കില്ലെന്നും ആദിവാസി സംസ്കാരമുപയോഗിച്ച് സംസ്കാര കർമങ്ങൾ നടത്തുന്നത് തടയില്ലെന്നുമായിരുന്നു ഗ്രാമവാസികളുടെ വാദം.

"ഞങ്ങളും അവരെപോലെ ആദിവാസികൾ തന്നെയാണ്. പക്ഷേ അവർക്ക് ഞങ്ങൾ പള്ളിയിൽ പോകുന്നതോ ക്രിസ്ത്യൻ മത രീതികൾ പിന്തുടരുന്നതോ താത്പര്യമില്ല. ആദിവാസി സംസ്കാരം പിന്തുടരണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. ക്രിസ്ത്യൻ മതത്തിൽ നിന്നും വിട്ടുനിന്നാൽ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാം എന്നാണ് അവർ പറയുന്നത്. ഈ പ്രശ്നം ഇന്ന് പ്രദേശത്തെ പല ഗ്രാമങ്ങളിലുമുണ്ട്" - സുനിതയുടെ സഹോദരി പറഞ്ഞു. ഗ്രാമവാസികളുടെ എതിർപ്പ് മൂലം ബ്രെഹബെദയിലെ ഗ്രാമത്തിൽ നിന്ന് അകലെയുള്ള പ്രദേശത്താണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. ഗ്രാമവാസികളിൽ ചിലർക്ക് ഹിന്ദുത്വസംഘടനകളുടെ പിന്തുണയുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. ആദിവാസി വിഭാഗക്കാരുടെ സംസ്കാരങ്ങളും ആചാരങ്ങളും ഹിന്ദുമത വിശ്വാസത്തോട് ചേർന്ന് നിൽക്കുന്നതായാണ് ഇവർ കണക്കാക്കുന്നത്. അതിനാലാണ് ഹിന്ദു ഇതര ആചാരങ്ങൾ വിലക്കുന്നതെന്നും വിമർശനമുണ്ട്.

പുതിയ സർക്കാർ അധികാരത്തിലെത്തുകയാണെങ്കിൽ തങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കാൻ തയ്യാറാകണമെന്നും മറ്റുള്ളവരെ പോലെ തങ്ങൾക്കും തുല്യ അവകാശം ഉറപ്പാക്കാൻ ശ്രമിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം എല്ലാ ഗ്രാമവാസികളും സനാതനധർമത്തിൽ വിശ്വസിക്കണമെന്നും ദേവ രീതിയിലേക്ക് തിരികെ വരണമെന്നും ഗ്രാമത്തിലെ മതകാര്യങ്ങൾ നോക്കുന്ന ദേവ സമിതി അംഗം സന്തുറാം പറഞ്ഞു. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്ത് മതപരിവർത്തനത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടതായി സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പിക്ക് ഉയർത്തിക്കാട്ടാൻ മറ്റ് വിഷയങ്ങളൊന്നുമില്ലാത്തതിനാൽ ജനങ്ങളെ ധ്രുവീകരിക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ മാത്രം 20 -ലധികം ക്രിസ്ത്യൻ വിരുദ്ധ അക്രമ സംഭവങ്ങളാണ് നാരായൺപൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Chhattisgarh: Christians Struggle to Bury Dead, Face Social Boycott Amid 'Conversion' Bogey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.