ന്യൂഡൽഹി: ഛത്തിസ്ഗഢിൽ ഭരണം പിടിക്കാൻ പ്രകടന പത്രികക്ക് പുറമെയും വാഗ്ദാനം വാരിവിതറി കോൺഗ്രസ്. തുടർഭരണം ലഭിച്ചാൽ സ്ത്രീകൾക്ക് വർഷം 15,000 രൂപ നൽകുമെന്നാണ് ദീപാവലി സമ്മാനമായി മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ പുതിയ പ്രഖ്യാപനം.
വിവാഹിതരായ സ്ത്രീകൾക്ക് വർഷം 12,000 രൂപ നൽകുമെന്നായിരുന്നു ബി.ജെ.പി പ്രകടന പത്രികയിലുള്ളത്. ഇതിനുള്ള അപേക്ഷ വിതരണവും ബി.ജെ.പി പ്രചാരണത്തോടൊപ്പം ആരംഭിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് കോൺഗ്രസ് 15,000 രൂപ പ്രഖ്യാപിച്ചത്.
ഗൃഹലക്ഷ്മി യോജന എന്നാണ് പദ്ധതിക്ക് നല്കിയ പേര്. അപേക്ഷകള്‍ പൂരിപ്പിക്കണ്ട, വരിനില്ക്കണ്ട, വീടുകളില്‍ നടത്തുന്ന സർവേ പ്രകാരം പണം ഓണ്‍ലൈനായി എല്ലാവരുടെയും അക്കൗണ്ടിലെത്തും. ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നും ബാഘേൽ റായ്പുരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിശേഷപ്പെട്ട ദിവസത്തിൽ സ്ത്രീ ശാക്തീകരണത്തിനായി സുപ്രധാന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹ്താരി ന്യായ് യോജന പ്രകാരം അമ്മമാർക്കും സഹോദരിമാർക്കും എൽ.പി.ജി ഗ്യാസിന് 500 രൂപ സബ്സിഡി നൽകുമെന്നും സബ്സിഡി തുക വനിതാ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും കോൺഗ്രസ് നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. ഇതു തന്നെ ബി.ജെ.പിയും വാഗ്ദാനം ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.