റായ്പൂർ: ചാണകത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി ഛത്തീസ്ഗഢ് സർക്കാർ. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും വ്യവസായ പാർക്കുകളിലും നൂതന പദ്ധതിയിലൂടെ വെളിച്ചം പകരാനാനാണ് സർക്കാർ പദ്ധതിയിടുന്നത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഘേലാണ് ശനിയാഴ്ച മൂന്ന് ജില്ലകളിൽ 'ഗോബാർ ബിജ്ലി ഉദ്പാദൻ' പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബെമേതാര ജില്ലയിലെ സ്കൂളിൽ സംഘടിപ്പിച്ച കിസാൻ സമ്മേളനത്തിലായിരുന്നു ഉദ്ഘാടനം.
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 'ഗ്രാമ സ്വരാജ്' ദർശനം തിരിച്ചറിഞ്ഞ് ഗ്രാമങ്ങളെ സ്വയം പിന്തുണക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് ബാഘേൽ പറഞ്ഞു. ചാണകത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും സംസ്ഥാനത്ത് പൂർത്തിയായതായി അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.
ജൈവ വളം നിർമാണത്തിനൊപ്പം ചാണകത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ഗൗദാൻ സമിതികളുടെയും വനിതാ സ്വയം സഹായ സംഘങ്ങളുടെയും വരുമാനം ഇരട്ടിയാക്കുമെന്നാണ് സർക്കാർ കരുതുന്നത്. സുരാജി ഗാവോൻ യോജനക്ക് കീഴിൽ സംസ്ഥാനത്തെ 6000 ഗ്രാമങ്ങളിൽ ഗ്രാമീണ വ്യവസായ പാർക്കുകൾക്ക് സമാനമായ രീതിയിൽ ഗോശാലകൾ സ്ഥാപിച്ചിരുന്നു.
ദുർഗ് ജില്ലയിലെ സിക്കോള ഗൗതൻ, റായ്പൂർ ജില്ലയിലെ ബഞ്ചരോദ ഗൗതൻ, ബെമെതാര ജില്ലയിലെ ആദർശ് ഗൗതൻ രാഖി എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. ഒരു യൂനിറ്റ് ചാണകം കൊണ്ട് 85 ക്യുബിക് മീറ്റർ വാതകം ഉൽപാദിപ്പിക്കാനാകും. ഒരു ക്യുബിക് മീറ്റർ വഴി 1.8 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഒരു യൂനിറ്റ് വഴി 153 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ഗൗതനുകളിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്‍റുകളിൽ നിന്ന് 460 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.