റായ്പൂർ: ഭർതൃവീട്ടിലേക്ക് മടങ്ങാൻ ശുഭമുഹൂർത്തിനായി കാത്തിരുന്ന് 10 വർഷത്തോളം ദാമ്പത്യ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന ഭാര്യയിൽ നിന്ന് ഭർത്താവിന് ഛത്തീസ്ഗഡ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു.'സന്തുഷ്ട കുടുംബജീവിതത്തിനാണ് ശുഭമുഹൂർത്തം. എന്നാൽ ഇവിടെ ഭാര്യ അവരുടെ ദാമ്പത്യം ആരംഭിക്കുന്നതിനുള്ള ഒരു തടസമായി ഇത് ഉപയോഗിച്ചതായി തോന്നുന്നു'-ജസ്റ്റിസുമാരായ ഗൗതം ബദുരിയും രജനി ദുബെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചന ഉത്തരവിലൂടെ വിവാഹബന്ധം വേർപെടുത്താൻ കോടതി ഉത്തരവിട്ടു. വസ്തുതകളെക്കുറിച്ച് പൂർണമായ അറിവുള്ള ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു, അതിനാൽ അയാൾക്ക് വിവാഹമോചനത്തിന് അർഹതയുണ്ടെന്ന് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവിൽ ജഡ്ജിമാർ പറഞ്ഞു. അതിന്‍റെ പകർപ്പാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
വിവാഹമോചനത്തിനുള്ള തന്റെ ഹർജി തള്ളിയ കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹരജിക്കാരനായ സന്തോഷ് സിങ് ഹൈകോടതിയെ സമീപിച്ചത്. 2010 ജൂലൈയിൽ വിവാഹിതനായ സന്തോഷും ഭാര്യയും11 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. പിന്നീട് ചില പ്രധാന ജോലികളുണ്ടെന്ന് പറഞ്ഞ് വീട്ടുകാർ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയെന്ന് ഹരജിയിൽ പറയുന്നു.
രണ്ടുതവണ തിരികെ കൊണ്ടുവരാൻ ഭർത്താവ് ശ്രമിച്ചെങ്കിലും മംഗളകരമായ സമയമല്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. സിങ് പിന്നീട് വിവാഹാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഒരു കേസ് ഫയൽ ചെയ്തു.
ഭർത്താവിനൊപ്പം പോകാൻ തയാറാണെന്നും എന്നാൽ അവരുടെ ആചാരമനുസരിച്ച് ശുഭമുഹൂർത്തം ആരംഭിച്ചപ്പോൾ തന്നെ തിരികെ കൊണ്ടുപോകാൻ അദ്ദേഹം എത്തിയില്ലെന്നായിരുന്നു ഭാര്യയുടെ വാദം. താൻ ഭർത്താവിനെ ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലുള്ള ആചാരപ്രകാരം തന്നെ തിരികെ കൊണ്ടുപോകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും ഭാര്യ വാദിച്ചു.
എന്നാൽ, ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവിനെ കുറിച്ച് അറിഞ്ഞിട്ടും ഭാര്യ വിവാഹജീവിതത്തിലേക്ക് കടക്കാൻ തയാറായില്ലെന്ന് സന്തോഷിന്‍റെ അഭിഭാഷകൻ പറഞ്ഞു.
'ദുവിരാഗമൻ' ചടങ്ങിൽ ഭർത്താവ് നേരിട്ട് വന്ന് ഭാര്യയെ തിരികെ കൊണ്ടുപോകണമെന്നായിരുന്നു ഇരുവിഭാഗങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ആചാരമെന്ന് ഭാര്യയുടെ അഭിഭാഷകൻ വാദം നിരത്തി. പണ്ഡിതൻമാരുടെയും കുടുംബത്തിലെ മുതിർന്നവരുടെയും ഉപദേശപ്രകാരം ഭർത്താവ് അവളെ തിരികെ കൊണ്ടുപോകാൻ വന്ന സമയം ശുഭകരമല്ലെന്നും തിരികെ കൊണ്ടുപോകാൻ ഒരു പ്രത്യേക ശുഭ സമയത്ത് തിരികെ വരാൻ ഉപദേശിച്ചുവെന്നും അഭിഭാഷകൻ വാദിച്ചു.
ഭാര്യ ഉന്നയിക്കുന്ന ആചാരത്തിന്‍റെ വാദം വിചാരണ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ച ഹൈകോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.