റായ്‌പൂര്‍: ഛത്തീസ്‌ഗഢിൽ മതം മാറാൻ നിർബന്ധിച്ചതിനെത്തുടർന്ന് 30കാരൻ ആത്മഹത്യ ചെയ്തു. ഛത്തീസ്‌ഗഢ് പൊട്ടിയാഡി സ്വദേശിയും തയ്യൽ തൊഴിലാളിയുമായ ലിനേഷ് സാഹു(30)വാണ് മരിച്ചത്.
ഭാര്യയും കുടുംബവും യുവാവിനെ മത പരിവര്‍ത്തനം നടത്താൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ ആത്മഹത്യാ കുറിപ്പ് പങ്കുവെച്ച ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഭാര്യ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
നിര്‍ബന്ധിത മത പരിവര്‍ത്തനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭാര്യ കരുണ സാഹു, സഹോദരീ ഭർത്താവ്, സാഹുവിൻ്റെ വീട്ടുകാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലിനേഷ് സാഹുവിനെ മത പരിവർത്തനത്തിന് നിര്‍ബന്ധിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തതായി സാഹുവിന്റെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 108 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് പറഞ്ഞു. നിര്‍ബന്ധിത മതപരിവർത്തനവും മാനസിക സമ്മർദ്ദവും സഹിക്കാനാകാതെയാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
തൻ്റെ മതം മാറ്റാൻ ഭാര്യയും വീട്ടുകാരും സമ്മർദ്ദം ചെലുത്തുന്നുവെന്നും ഉപദ്രവിക്കുന്നതായും സോഷ്യൽ മീഡിയയിൽ യുവാവ് കുറിച്ചിരുന്നു. തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് എ.എസ്.പി മണിശങ്കർ ചന്ദ്ര പറഞ്ഞു. 2023ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ കരുണയും വീട്ടുകാരും മത പരിവർത്തനം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് യുവാവിൻ്റെ വീട്ടുകാര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.