ഡി.വൈ. ചന്ദ്രചൂഡ്

പ്രാദേശിക ഭാഷകളിലും നിയമം പഠിപ്പിക്കണം -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ലഖ്‌നോ: നിയമവിദ്യാർഥികൾ പ്രാദേശിക ഭാഷകളും പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും നന്നായി അറിഞ്ഞിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്. ലഖ്‌നോവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂനിവേഴ്‌സിറ്റിയുടെ ബിരുദദാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിതമായ ഭാഷയിൽ നിയമവിദ്യാഭ്യാസം നൽകേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇതിന് കഴിയാത്തത് പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് അറിയാത്തവർക്ക് അവരുടെ അവകാശങ്ങൾ മനസിലാക്കുന്നതിൽ തടസങ്ങൾ അനുഭവപ്പെടുന്നതായി കണ്ടെത്തിയെന്ന് 81 സർവകലാശാലകളിലും കോളജുകളിലും സുപ്രീം കോടതിയുടെ ഗവേഷണ വിഭാഗം നടത്തിയ വിശകലനം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

നിയമ വിദ്യാഭ്യാസം ഇംഗ്ലീഷിൽ നൽകുന്നതിനാൽ പലപ്പോഴും വിദ്യാർഥികൾക്ക് പ്രാദേശിക ഭാഷകളിൽ നിയമ നടപടിക്രമങ്ങൾ സാധാരണക്കാരോട് വിശദീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്തുകയോ നിയമവിദ്യാഭ്യാസത്തിൽ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയോ അല്ലെന്നും പ്രാദേശിക ഭാഷകൾ കൂടി അതിൽ സ്വീകരിക്കണമെന്നു മാത്രമാണ് നിർദേശിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

"ഇത് വൈവിധ്യങ്ങളുടെ രാജ്യമാണ്, ചിലത് ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ്, ചിലത് പ്രദേശത്തെ അടിസ്ഥാനമാക്കിയാണ്. ഉത്തർപ്രദേശിൽ വ്യത്യസ്ത ഭാഷകളുണ്ട്. ലഖ്‌നോവിൽ ആളുകൾ ഹിന്ദുസ്ഥാനി സംസാരിക്കുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ അവർ ഭോജ്‌പുരി ഉപയോഗിക്കുന്നു. ഇത് നീതിയുടെ മൂല്യങ്ങളും ഭരണഘടനയും എങ്ങനെ ജനങ്ങളിലേക്കെത്തിക്കണം എന്ന ചോദ്യം മുന്നോട്ട് വെക്കുന്നുണ്ട്" -അദ്ദേഹം പറഞ്ഞു.

ഉയർന്ന കോടതികളിൽ ഇംഗ്ലീഷിലാണ് നടപടിക്രമങ്ങൾ നടക്കുന്നതെന്നും എന്നാൽ കേസ് കേൾക്കുന്ന ആളുകൾക്ക് കോടതിയിൽ അവതരിപ്പിക്കുന്ന വാദങ്ങൾ മനസ്സിലാകുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഇംഗ്ലീഷിൽ പുറപ്പെടുവിച്ച വിവിധ വിധിന്യായങ്ങൾ വ്യത്യസ്ത ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുന്നതു പോലെ നീതിന്യായ പ്രക്രിയ സാധാരണക്കാർക്ക് എളുപ്പമാക്കാൻ കഴിയുന്ന ചില നിർദ്ദേശങ്ങൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ താൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളെ പ്രാദേശിക സാഹചര്യങ്ങളും പ്രാദേശിക നിയമ വ്യവസ്ഥകളും പരിചയപ്പെടുത്തി നിയമത്തിന്‍റെ പ്രധാന തത്ത്വങ്ങൾ കാര്യക്ഷമമായി പഠിപ്പിക്കുമ്പോൾ മാത്രമേ, പ്രാദേശിക സമൂഹത്തിന്‍റെ പ്രശ്നങ്ങളും ആശങ്കകളും യഥാർഥത്തിൽ മനസിലാക്കാൻ കഴിയുന്ന സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകരെ ഭാവിയിൽ സൃഷ്ടിക്കാൻ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Chief Justice DY Chandrachud advocates teaching law in regional languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.