ന്യൂഡൽഹി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം, പ്രളയ ദുരിതാശ്വാസം എന്നിവയടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. ചൊവ്വാഴ്ച രാവിലെ 10.30നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ഡൽഹി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചോ ലൈംഗികാരോപണം നേരിട്ട നടനും സി.പി.എം എം.എൽ.എയുമായ മുകേഷിനെതിരായ നടപടിയെ കുറിച്ചോ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചില്ല.
രണ്ടാഴ്ചയോളമായി ന്യൂമോണിയ ബാധിച്ച് ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ ചികിത്സയിൽ കഴിയുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിണറായി സന്ദർശിച്ചു. വൈകീട്ട് ഡൽഹിയിൽ വിമാനമിറങ്ങി എയിംസിൽ യെച്ചൂരിയെ കണ്ട ശേഷമാണ് മുഖ്യമന്ത്രി കേരള ഹൗസിലെത്തിയത്. വയനാട് ദുരന്തത്തിനു ശേഷവും കേരളത്തിന് കാലവർഷക്കെടുതിയുടെയോ പ്രളയക്കെടുതിയുടെയോ അടിയന്തര സാമ്പത്തിക സഹായമൊന്നും നൽകാതിരുന്ന കേന്ദ്ര സർക്കാർ ത്രിപുരയിൽ ഈയിടെയുണ്ടായ പ്രളയത്തിന് തൊട്ടുപിന്നാലെ, അടിയന്തര സഹായം അനുവദിച്ചിരുന്നു.
ഇതടക്കമുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമോയെന്ന് കേരള ഹൗസിലെത്തിയ മുഖ്യമന്ത്രിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചുവെങ്കിലും അദ്ദേഹം മറുപടിയൊന്നും നൽകിയില്ല. കേരളത്തെ ഇളക്കിമറിച്ച സിനിമാലോകത്തെ പീഡന പരാതികളുടെയും വെളിപ്പെടുത്തലുകളുടെയും ഇടയിൽ ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയോട് നടനും ഭരണകക്ഷി എം.എൽ.എയുമായ മുകേഷുമായി ബന്ധപ്പെട്ട ചോദ്യങ്ങളുന്നയിച്ചിട്ടും പ്രതികരിച്ചില്ല. മുകേഷിന്റെ രാജിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും അദ്ദേഹം മൗനമവലംബിച്ചു. മുഖ്യമന്ത്രി ചൊവ്വാഴ്ച മടങ്ങും.
ഉരുൾപൊട്ടലിൽ പുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് ദുരന്ത മേഖല സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇവയിലൊന്നും ഇതുവരെ ഒരു അനുകൂല നടപടിയുമെടുക്കാതിരുന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ആ നിലക്ക് ഏറെ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.