ബംഗളൂരു: മുഖ്യമന്ത്രി പദവിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നൽകി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പല ഘട്ടങ്ങളിലായി കോൺഗ്രസിനെ സംരക്ഷിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാറിൽനിന്ന് താൻ നേരിടുന്ന പ്രശ്നങ്ങളും കെ.പി.സി.സി അധ്യക്ഷനായ ശേഷം പാർട്ടിയെ ശക്തിപ്പെടുത്തി വൻ വിജയത്തിലേക്ക് നയിച്ചതടക്കമുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദവിക്കായി ആവശ്യമുന്നയിച്ചത്.
പാർട്ടി അധ്യക്ഷൻ തനിക്കൊപ്പമുണ്ടെന്നും ആവശ്യമെങ്കിൽ പ്രതിഷേധത്തിന്റെ ശക്തി കാണിച്ചുകൊടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ശിവകുമാറിനെയും സിദ്ധരാമയ്യയെയും കോൺഗ്രസ് നേതൃത്വം തിങ്കളാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
തന്റെ ജന്മദിന ചടങ്ങുകളുള്ളതിനാൽ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന നിലപാടിലായിരുന്നു ശിവകുമാർ. വൈകീട്ട് നാലോടെ സിദ്ധരാമയ്യ ഡൽഹിയിലെത്തി. ഡൽഹിയിലേക്ക് പോകുമെന്ന് ശിവകുമാർ വൈകീട്ട് പറഞ്ഞെങ്കിലും ശാരീരിക അസ്വസ്ഥത ചൂണ്ടിക്കാട്ടി യാത്ര റദ്ദാക്കി.
താനും ഡി.കെയും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്നും കൂടുതൽ എം.എൽ.എമാരുടെ പിന്തുണ തനിക്കാണെന്നും ബംഗളൂരുവിൽനിന്ന് യാത്ര തിരിക്കും മുമ്പ് സിദ്ധരാമയ്യ പറഞ്ഞത് ഡി.കെയെ ചൊടിപ്പിച്ചതായാണ് വിവരം. ഇതോടെയാണ് വൈകീട്ട് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹൈകമാൻഡിന് വ്യക്തമായ സന്ദേശം നൽകിയാണ് ശിവകുമാർ പ്രതികരിച്ചത്.
കൂടുതൽ എം.എൽ.എമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണെങ്കിലും കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരം ശിവകുമാറിനൊപ്പമാണ്. പാർട്ടിയിലൂടെ വളർന്നുവന്ന നേതാവാണ് 61കാരനായ ശിവകുമാർ.
എന്നാൽ, മുൻ ജെ.ഡി-എസ് നേതാവായ സിദ്ധരാമയ്യ 2005ൽ കോൺഗ്രസിലെത്തിയ ശേഷം അഞ്ചു വർഷം മുഖ്യമന്ത്രി സ്ഥാനവും 10 വർഷം പ്രതിപക്ഷ നേതാവ് പദവിയും വഹിച്ചതായി ശിവകുമാറിനെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. വൊക്കലിഗ മഠാധിപതികളുടെ പിന്തുണയും ശിവകുമാറിനുണ്ട്.
ആദ്യ രണ്ടു വർഷം സിദ്ധരാമയ്യയും തുടർന്നുള്ള മൂന്നു വർഷം ശിവകുമാറും മുഖ്യമന്ത്രിയാവുക എന്നതായിരുന്നു ഞായറാഴ്ച രാത്രി നടന്ന നിയമസഭ കക്ഷിയോഗത്തിൽ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോർമുല. എന്നാൽ, നിർദേശം തള്ളിയ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം തനിക്ക് വേണമെന്ന നിലപാടിലുറച്ചു.
ഇതുസംബന്ധിച്ച് എം.എൽ.എമാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഹൈകമാൻഡ് നിയോഗിച്ച നിരീക്ഷകരായ സുഷീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബബാരിയ എന്നിവർ ശേഖരിച്ച് തിങ്കളാഴ്ച മടങ്ങി. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാത്രി ഇതുസംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമായേക്കും.
‘‘ഞാൻ ഒറ്റയാനാണ്. ധൈര്യത്തോടെയാണ് പാർട്ടി ചുമതല ഏറ്റെടുത്തത്. പലരും തൂക്കുസഭ പ്രവചിച്ചു. എന്നാൽ, ഞാൻ കർണാടകയെ കോൺഗ്രസിന് നൽകി. അതാണ് എന്റെ ശക്തി. അതാർക്കും തടയാനാവില്ല. അഞ്ചു വർഷം എന്താണ് നടന്നതെന്ന് ഞാൻ പറയുന്നില്ല.
എം.എൽ.എമാരുടെ പിന്തുണ ഞാൻ നോക്കുന്നില്ല. ഞാനെന്താണ് ചെയ്തതെന്ന് ജനങ്ങൾക്കറിയാം. ഞാൻ വ്യക്തിപൂജ നടത്തുന്നയാളല്ല. പാർട്ടിയാണ് എനിക്ക് ആരാധന. പാർട്ടി അധ്യക്ഷൻ എനിക്കൊപ്പമുണ്ട്. ആവശ്യമെങ്കിൽ പ്രതിഷേധത്തിന്റെ ശക്തി കാണിച്ചുകൊടുക്കും.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.