ചെന്നൈ: കുട്ടികളുടെ കുറ്റകൃത്യങ്ങൾക്ക് സമൂഹമാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈകോടതി. സമൂഹത്തിന്റെ അപൂർണതകളും ക്രമക്കേടുകളുമായി കുട്ടികളിലെ കുറ്റകൃത്യവാസന ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് കോടതി പറഞ്ഞു. കുറ്റക്യത്യവുമായി ബന്ധപ്പെട്ട് ഒരു കുട്ടി സമർപ്പിച്ച ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദിരയാണ് ഹരജി പരിഗണിച്ചത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട, പ്രായപൂർത്തിയാകാത്തവർ കുറ്റവാളികളല്ലെന്നും പകരം സമൂഹത്തിന്‍റെ ഇരകളാണ് അവരെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികൾക്കും വീട്ടിലും സ്‌കൂളിലും പ്രത്യേകം ശ്രദ്ധ നൽകിയാൽ തന്നെ കുറ്റകൃത്യങ്ങൾ തടയാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ ദൗത്യത്തിൽ പ്രധാന പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂട്ടികളെ കുറ്റവാളികളായി മുദ്രകുത്തരുത്. കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും പരിഷ്‌ക്കരണത്തിനുള്ള സാധ്യതകൾ നൽകാനും പ്രാധാന്യം നൽകണമെന്നും കോടതി പറഞ്ഞു.
ഇത്തരം കുട്ടികൾക്ക് ശിക്ഷാനടപടികൾ നൽകുന്നതിന് പകരം അവർക്ക് നവീകരണത്തിനും പുനരധിവാസത്തിനുമുള്ള ഉദാരസമീപനം പ്രയോഗിക്കുന്നത് അത്യാവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.