കൊൽക്കത്ത: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക വലിച്ചെറിഞ്ഞ് കുട്ടി. പശ്ചിമ ബംഗാളിലായിരുന്നു സംഭവം. വീടിന്‍റെ ടെറസിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാകയും കാവി പതാകയും കുട്ടി വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പൊലീസുകാരും ജനക്കൂട്ടവും നോക്കിനിൽക്കെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്.
കുട്ടി വീടിന്‍റെ മുകളിൽ കയറുന്നതും ആദ്യം കാവി പതാക നിലത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ടെറസിൽ സ്ഥാപിച്ചിരുന്ന പോസ്റ്റർ വലിച്ചുകീറുകയും ദേശീയ പതാക താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. സംഭവത്തിൽ ജനങ്ങളോ പൊലീസോ കുട്ടിയെ തടഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം കുട്ടിയുടെ പ്രവർത്തി രാജ്യത്തിന് അപമാനമാണെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പശ്ചിമബംഗാളിൽ ഇത്തരമൊരു സംഭവം നടന്നതിൽ ലജ്ജിക്കുന്നുവെന്നും ഇത് ദേശീയ പതാകയോടുള്ള അവഹേളനം തടയൽ നിയമത്തിന് പൂർണമായും വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
77-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കിടെ താൻ അടുത്ത വർഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്‍റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അടുത്ത വർഷം മോദിക്ക് വീട്ടിൽ പതാകയുയർത്താമെന്നുമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. ചെങ്കോട്ടയിൽ ഇന്ന് നടന്നത് നരേന്ദ്രമോദിയുടെ അവസാനത്തെ പതാക ഉയർത്തലാണ് എന്നായിരുന്നു ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ പരാമർശം. ചരിത്രം ഒരു കോട്ടവും സംഭവിക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്നാൽ ബി.ജെ.പി അതെല്ലാം തിരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.