ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചേക്കും. ഈ മാസം അവസാനത്തോടെ സന്ദർശനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഉന്നത ചൈനീസ് നേതാവ് ഇന്ത്യ സന്ദർശിക്കുന്നത്. സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളും സൈനികതലത്തിൽ ചർച്ചകൾ നടത്തിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ചില തിരിച്ചടികളുണ്ടായെന്ന് വാങ് യി അടുത്തിടെ പറഞ്ഞിരുന്നു. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി തർക്കമുൾപ്പടെയുള്ള പ്രശ്നങ്ങളിൽ ന്യായമായ പ്രതിവിധിയുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ചില ശക്തികൾ ഇന്ത്യക്കും ചൈനക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ സന്ദർശനം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഭാഗത്ത് നിന്നാണ് സന്ദർശനം നടത്താമെന്ന അഭിപ്രായം ഉയർന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളും ചൈനീസ് വിദേശകാര്യമന്ത്രി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020 ജൂണിൽ ഗൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ ഇന്ത്യൻ ചൈനീസ് സൈനികർക്ക് ജീവാഹാനിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.