ബെയ്ജിങ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അരുണാചൽപ്രദേശ് സന്ദർശിച്ചതിൽ എതിർപ്പുമായി ചൈന. അതിർത്തി തർക്കം പരിഹരിക്കാൻ ശ്രമിക്കുന്ന സമയത്ത് വിഷയം കൂടുതൽ സങ്കീർണമാക്കരുതെന്നും ഇന്ത്യ ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അരുണാചലിൽ എത്തിയത്. അരുണാചൽപ്രദേശ് തെക്കൻ തിബത്താണെന്നാണ് ചൈനയുടെ അവകാശവാദം.
നവംബർ ആറിന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ അരുണാചൽപ്രദേശിലെ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചതിൽ ചൈന പ്രതിഷേധിച്ചിരുന്നു. ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ അരുണാചൽപ്രദേശിലെത്തുേമ്പാൾ ചൈന തങ്ങളുടെ എതിർപ്പ് അറിയിക്കാറുണ്ട്. എന്നാൽ, ചൈനയുടെ പ്രതിഷേധം ഇന്ത്യ വകവെക്കാറില്ല. അരുണാചൽപ്രദേശ് രാജ്യത്തിെൻറ അവിഭാജ്യഘടകമാണെന്നും ഇന്ത്യൻ നേതാക്കൾക്ക് മറ്റു സംസ്ഥാനങ്ങൾപോലെ സ്വതന്ത്രമായി ഇവിടം സന്ദർശിക്കാൻ തടസ്സമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
അരുണാചൽപ്രദേശിനെ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു. അതിർത്തി വിഷയത്തിൽ ചൈനീസ് നിലപാട് വളരെ വ്യക്തമാണ്. ഇരു രാജ്യങ്ങളും വിഷയം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഇൗ സമയത്ത് ഇന്ത്യൻ നേതാക്കൾ അരുണാചൽപ്രദേശ് സന്ദർശിക്കുന്നത് ചൈന ശക്തമായി എതിർക്കും. ഉഭയകക്ഷി ബന്ധം നിലനിർത്താൻ ഇന്ത്യ അതിർത്തി തർക്കം കൂടുതൽ സങ്കീർണമാക്കില്ലെന്നാണ് ചൈന പ്രതീക്ഷിക്കുന്നതെന്നും ലൂ കാങ് പറഞ്ഞു. ഇന്ത്യയും ചൈനയും ഭൂട്ടാനും അതിർത്തി പങ്കിടുന്ന ദോക്ലാമിൽ ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങൾക്കുമുമ്പ് സംഘർഷം ഉടലെടുത്തിരുന്നു. അതിർത്തി തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ 19 തവണ ചർച്ച നടത്തിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ പ്രത്യേക പ്രതിനിധി യാങ് ജീച്ചിയുമായി അടുത്ത ചർച്ച ന്യൂഡൽഹിയിൽ ചേരാനിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.