ന്യൂഡൽഹി: ചൈനയും പാകിസ്താനും ഇന്ത്യയേക്കാൾ ആണവായുധങ്ങൾ കൈവശം വെക്കുന്നതായി റിപ്പോർട്ട്. ‘ദി സ്റ്റോക്ഹോം ഇൻറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആർ.ഐ) പുറത്തിറക്കിയ ഇയർ ബുക്കിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. ചൈനയുടെ ശേഖരത്തിൽ 320 ആയുധങ്ങളും പാകിസ്താനും ഇന്ത്യക്കും യഥാക്രമം160ഉം 150ഉം ആയുധങ്ങളുമാണുള്ളതെന്ന് ഇയർ ബുക്കിൽ പറയുന്നു. ഈ വർഷം ജനുവരി വരെയുള്ള കണക്കാണിത്.
എസ്.ഐ.പി.ആർ.ഐ കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കിലും ഈ മൂന്ന് രാജ്യങ്ങളിൽ ചൈന തന്നെയായിരുന്നു കൂടുതൽ ആണവായുധങ്ങൾ കൈവശം വെക്കുന്ന രാജ്യം. 2019ൽ ചൈനക്ക് 290ഉം പാകിസ്താന് 150 മുതൽ 160 വരെയും ഇന്ത്യക്ക് 130 മുതൽ140 വരെയും ആണവായുധ ശേഖരമായിരുന്നു ഉണ്ടായിരുന്നത്.
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംബന്ധമായ തർക്കം സങ്കീർണമാവുകയും ഇരു രാജ്യങ്ങളും മേഖലയിലെ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വേളയിലാണ് എസ്.ഐ.പി.ആർ.ഐ ആണവായുധ ശേഖരം സംബന്ധിച്ച കണ്ടെത്തൽ പുറത്തു വിടുന്നതെന്നത് ശ്രദ്ധേയമാണ്.
ആണവായുധ ശേഖരത്തിൽ ചൈനആധുനികവത്ക്കരണം കൊണ്ടുവരുന്നുണ്ടെന്നും കര, നാവിക അടിസ്ഥാനമായ മിസൈലുകളും ആണവായുധം വഹിക്കാൻ ശേഷിയുള്ള യുദ്ധ വിമാനങ്ങളും അവരുടെ ശേഖരത്തിലുെണ്ടന്നും എസ്.ഐ.പി.ആർ.ഐ വ്യക്തമാക്കുന്നു. ഇന്ത്യയും പാകിസ്താനും പതിയെ ആണവശക്തിയുടെ വലിപ്പവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ടെന്നും ഇയർ ബുക്ക് പറയുന്നു.
ലോകത്തെ ആകെ ആണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത് റഷ്യയും യു.എസുമാണ്. റഷ്യക്ക് 6,375ഉം യു.കെക്ക് 5,800ഉം ആണവായുധങ്ങളാണുള്ളത്. ഈ വർഷം ജനുവരി വരെയുള്ള കണക്ക് പ്രകാരം യു.എസ്, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ഇസ്രയേൽ, ഉത്തര കൊറിയ എന്നീ ഒമ്പത് ആണവരാജ്യങ്ങൾ ചേർന്ന് 13,400 ആണവായുധങ്ങളാണ് കൈവശം വെച്ചിരിക്കുന്നതെന്നും എസ്.ഐ.പി.ആർ.ഐ അവരുടെ ഇയർ ബുക്കിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.