ഷാങ്ഹായ്: ചൈനീസ് സൈന്യത്തെ (പീപ്പിൾസ് ലിബറേഷൻ ആർമി) പരിഹസിച്ചതിന് രാജ്യത്തെ അറിയപ്പെടുന്ന കോമേഡിയൻ കമ്പനികളിലൊന്നിന് 14.7 മില്യൺ യുവാൻ (17.64 കോടി രൂപ) പിഴ ചുമത്തി ചൈന. കമ്പനിയുടെ ഹാസ്യനടന്മാരിൽ ഒരാൾ നടത്തിയ തമാശക്കെതിരേ പൊതുവിമർശനം ഉയർന്നതിനെത്തുടർന്നാണ് കമ്പനിക്ക് ചൈന പിഴ ചുമത്തിയതെന്ന് ചൈനയുടെ സാംസ്കാരിക, ടൂറിസം ബ്യൂറോ മന്ത്രാലയം പറഞ്ഞു. ഷാങ്ഹായ് സിയാവുവോ കൾച്ചർ മീഡിയ കമ്പനിക്കാണ് പിഴ ചുമത്തിയത്.
സ്റ്റാൻഡ്-അപ്പ് കോമഡി പോലുള്ള പ്രകടനങ്ങൾ കൂടുതൽ പ്രചാരത്തിലുള്ള കാലത്ത് ഏത് തരത്തിലുള്ള തമാശകളാണ് അനുചിതമെന്ന് ഈ സംഭവം വ്യക്തമാക്കുന്നുവെന്നു ചൈനീസ് അധികൃതർ പറഞ്ഞു. 1.3 കോടി യുവാൻ ആണ് കമ്പനിയിൽ നിന്ന് പിഴ ഇനത്തിൽ ഈടാക്കുന്നത്. ലീ ഹോഷിയുടെ പരിപാടിക്ക് ശേഷം കമ്പനി നേടിയ 1.3 കോടി യുവാൻ അനധികൃത വരുമാനമാണെന്ന് പറഞ്ഞ് സർക്കാർ കണ്ടുകെട്ടുകയും ചെയ്തു.
മെയ് 13 ന് ബെയ്ജിങിൽ നടന്ന ഒരു തത്സമയ പരിപാടി ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
താൻ ദത്തെടുത്ത രണ്ട് തെരുവ് നായ്ക്കൾ ഒരു അണ്ണാനെ ഓടിക്കുന്നത് കാണുമ്പോൾ "നല്ല പ്രവർത്തന ശൈലി ഉണ്ടായിരിക്കുക, യുദ്ധം ചെയ്യാനും വിജയിക്കാനും കഴിയും" എന്ന് ലീ പറഞ്ഞതാണ് വിവാദമായത്. ചൈനീസ് സൈന്യത്തിന്‍റെ നൈതികതയെ പ്രശംസിക്കാൻ പ്രസിഡന്റ് ഷി ജിൻപിങ് 2013 ൽ ഉപയോഗിച്ച മുദ്രാവാക്യമായിരുന്നു ഇത്. ഇതാണ് പരാതിക്കിടയാക്കിയത്. പരിപാടി സംഘാടിപ്പിച്ചതിൽ വന്ന പിഴവാണിതെന്ന് വിശദീകരിച്ച കമ്പനി ലീയുമായുള്ള കരാർ റദ്ദാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.