ചിന്തൻശിബിരം: പുതിയ പരിഷ്കാരങ്ങളുമായി കോൺഗ്രസ്, ഒരു കുടുംബത്തിന് ഒറ്റ ടിക്കറ്റ്; പ്രിയങ്കക്ക് ഇളവ്

ഉദയ്പൂർ (രാജസ്ഥാൻ): കോൺഗ്രസിന്‍റെ പാർട്ടി പദവികൾ പകുതി യുവജനങ്ങൾക്ക്. എ.ഐ.സി.സി മുതൽ കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് തലം വരെ ഇത്തരമൊരു മാറ്റത്തിന് കോൺഗ്രസ് ഒരുങ്ങുന്നു. പാർട്ടിയെ സക്രിയമാക്കാൻ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻശിബിരം പരിഗണിക്കുന്ന പരിഷ്കാരങ്ങളിൽ ഒന്നാണിത്. ജനസംഖ്യയിൽ 60 ശതമാനം 40 വയസ്സിൽ താഴെയുള്ളവരാണ്. ഇത് പാർട്ടിപദവികളിൽ പ്രതിഫലിക്കണമെന്ന കാഴ്ചപ്പാടിൽ നേതൃനിരക്ക് ഏകാഭിപ്രായം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു കുടുംബത്തിന് ഒറ്റ ടിക്കറ്റ് എന്ന നയം നടപ്പാക്കാനും ധാരണയായിട്ടുണ്ട്.

അതേസമയം, പാർട്ടി പ്രവർത്തനത്തിൽ അഞ്ചു വർഷമായി സജീവമായി നിൽക്കുന്നവർക്ക് ഇളവ് അനുവദിക്കും. ഇതിന്‍റെ ആദ്യ ഗുണഭോക്താക്കൾ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെട്ട നെഹ്റുകുടുംബമായിരിക്കും. അഞ്ചു വർഷത്തിൽ കൂടുതൽ ഒരാൾ ഒരു പദവിയിൽ തുടരാൻ പാടില്ല. അതു കഴിഞ്ഞാൽ ചുരുങ്ങിയത് മൂന്നു വർഷത്തെ ഇടവേള. നേതാക്കളുടെ പ്രവർത്തനം വിലയിരുത്താൻ പ്രത്യേക വിഭാഗം രൂപവത്കരിക്കാനും ഒരുങ്ങുകയാണ് പാർട്ടി.

ഒരു കുടുംബത്തിൽനിന്ന് ഒരാളിൽ കൂടുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന കാര്യത്തിൽ നേതാക്കൾക്ക് ഏകാഭിപ്രായമാണെന്ന് പാർട്ടി നേതാവ് അജയ് മാക്കൻ പറഞ്ഞു. ഇളവിന്‍റെ കാര്യവും മാക്കൻ വിശദീകരിച്ചു. പ്രിയങ്ക ഗാന്ധി 2018 മുതൽ ഔപചാരികമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ മാറ്റങ്ങളാണ് പാർട്ടിയിൽ വരാൻപോകുന്നതെന്നും മാക്കൻ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ്, പ്രതിപക്ഷത്തെ നയിക്കാനുള്ള അർഹത നേടും വിധം കോൺഗ്രസിന്‍റെ ഇടം ഉറപ്പിക്കുക, വിവിധ സംവിധാനങ്ങളിൽ കരുത്തു നേടാൻ പാകത്തിൽ പാർട്ടി ഉഷാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള വഴി ചർച്ചചെയ്യുന്ന മൂന്നു ദിവസത്തെ ചിന്തൻശിബിരമാണ് ഉദയ്പൂരിൽ നടക്കുന്നത്. സോണിയ ഗാന്ധിയുടെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ ശിബിരത്തിൽ വിവിധ വിഷയങ്ങൾ മുൻനിർത്തി ആറു ഗ്രൂപ്പായി തിരിഞ്ഞാണ് 420ഓളം പ്രതിനിധികൾ ചർച്ച നടത്തുന്നത്. സമാപന ദിവസമായ ഞായറാഴ്ച ഇത് ക്രോഡീകരിച്ച് പാർട്ടിയുടെ കാര്യപരിപാടിയും പരിഷ്കരണ നടപടികളും സോണിയ ഗാന്ധി പ്രഖ്യാപിക്കും.

Tags:    
News Summary - Chintan shivir: Congress with new reforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.