ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നൽകാമെന്നുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്‍റെ പാർട്ടിയായ ലോക് ജനശക്തി പാർട്ടി (രാംവിലാസ് പാസ്വാൻ) വ്യക്തമാക്കി.
പട്ടികജാതി പട്ടികവർഗ സമുദായങ്ങൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണത്തിൽ നിന്ന് മേൽത്തട്ടുകാരെ ഒഴിവാക്കണമെന്ന വിധിയും അംഗീകരിക്കാനാവില്ലെന്ന് പാസ്വാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംവരണത്തിനുള്ളിൽ സംവരണം അനുവദിക്കുന്നത് കാലങ്ങളായി തൊട്ടുകൂടായ്മ അനുഭവിക്കുന്ന സമുദായങ്ങളുടെ ഉന്നമനത്തിന് തിരിച്ചടിയാകും. തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലാണ് ദലിത് വിഭാഗങ്ങൾക്ക് സംവരണം നൽകിയത്. സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിലല്ല. നല്ല സാമ്പത്തികാവസ്ഥയും വിദ്യാഭ്യാസവും ഉള്ള ദലിത് കുടുംബങ്ങൾപോലും തൊട്ടുകൂടായ്മ അനുഭവിക്കുന്നുണ്ട്. അതിനാൽ, സുപ്രീംകോടതിയുടെ വിധി ന്യായീകരിക്കാനാവുന്നതല്ല -അദ്ദേഹം പറഞ്ഞു.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നൽകാമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. അതി പിന്നാക്കക്കാർക്കുള്ള ഉപസംവരണം സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള മുഴുവൻ സീറ്റുകളും അതി പിന്നാക്കക്കാർക്കായി നീക്കി വെക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. പട്ടികജാതി പട്ടികവർഗ സമുദായങ്ങൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള സംവരണത്തിൽ നിന്ന് മേൽത്തട്ടുകാരെ ഒഴിവാക്കണമെന്നും ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.