‘സഹോദരിക്കൊപ്പം നിൽക്കുന്നു’; കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് സഹോദരൻ

ന്യൂഡൽഹി: കർഷക സമരത്തെ അധിക്ഷേപിച്ച നിയുക്ത ബി.ജെ.പി എം.പി കങ്കണ റണാവത്തിന്‍റെ മുഖത്തടിച്ച സി.ഐ.എസ്.എഫ് കോൺസ്റ്റബ്ൾ കുല്‍വീന്ദര്‍ കൗറിനെ പിന്തുണച്ച് സഹോദനും കർഷക നേതാവുമായ ഷേർ സിങ് മഹിവാൽ. സംഭവത്തിൽ കൗറിനെ പൂർണമായി പിന്തുണക്കുന്നതായി ഷേർ സിങ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡൽഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയ കങ്കണയെ, സുരക്ഷാ പരിശോധനക്കിടെയാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മുഖത്തടിച്ചത്. കങ്കണ നേരത്തെ കര്‍ഷകര്‍ക്കെതിരെ സംസാരിച്ചതില്‍ പ്രകോപിതയായാണ് കുല്‍വീന്ദര്‍ കൗര്‍ മര്‍ദിച്ചത്.

ദേഹപരിശോധനക്കിടെ ഇരുവരും വാക്കുതര്‍ക്കത്തിൽ ഏർപ്പെടുകയും പിന്നാലെ കൗർ അടിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ കൗറിനെ സസ്പെൻഡ് ചെയ്തു. കര്‍ഷക സമരത്തെപ്പറ്റി അധിക്ഷേപിച്ച് സംസാരിച്ചതിനാണ് കങ്കണയെ തല്ലിയതെന്ന് കുല്‍വീന്ദര്‍ വെളിപ്പെടുത്തിയിരുന്നു. ചണ്ഡീഗഢ് വിമാനത്താവളത്തിലുണ്ടായ സംഭവം മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ഷേർ സിങ് പറഞ്ഞു.

‘കങ്കണയെ പരിശോധിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നതെന്ന് ഞാൻ കരുതുന്നു. 100 രൂപക്കു വേണ്ടിയാണ് സ്ത്രീകൾ കർഷക സമരത്തിൽ ഇരിക്കുന്നതെന്ന് കങ്കണ പറഞ്ഞിരുന്നു. വാക്കുതർത്തത്തിനൊടുവിൽ സഹോദരി വൈകാരികമായി ദേഷ്യപ്പെടുകയും മർദിക്കുകയും ചെയ്തിരിക്കാം. സൈനികരും കർഷകരും പ്രാധാന്യമുള്ളവരാണ്, എല്ലാവിധത്തിലും അവരുടെ കടമകൾ നിറവേറ്റുന്നു. ഈ വിഷയത്തിൽ ഞങ്ങൾ സഹോദരിയെ പൂർണമായി പിന്തുണക്കുന്നു’ -വിഡിയോയിൽ ഷേർ സിങ് പറഞ്ഞു.

ഷേർ സിങ് അറിയപ്പെടുന്ന കർഷക നേതാവാണ്. കിസാൻ മസ്ദൂർ സംഘർഷ സമിതി ഓർഗനൈസേഷൻ സെക്രട്ടറി പദവിയും വഹിക്കുന്നുണ്ട്. നേരത്ത, മൊഹാലിയിലെ വ്യാപാരി വനിത കോൺസ്റ്റബ്ളിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - CISF constable Kulwinder Kaur's brother reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.