കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യത്തിെൻറ വെടിയേറ്റ് 13 ഗ്രാമീണർ കൊല്ലപ്പെട്ടു. ഖനി തൊഴിലാളികളെ നാഗാ തീവ്രവാദികളെന്നു തെറ്റിദ്ധരിച്ചു വെടിവെച്ചെന്നാണ് സൂചന. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ജവാൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട സൈന്യം അഗാധമായി ഖേദിക്കുന്നതായി അറിയിച്ചു. മരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോയും ദുഃഖം രേഖപ്പെടുത്തി.
മ്യാന്മറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കൽക്കരി ഖനിയിൽനിന്ന് പിക്കപ്പ് വാനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളികൾ. നിരോധിത വിഘടനവാദി സംഘടനയായ എൻ.എസ്.സി.എൻ (കെ) യുങ് ഓങ് വിഭാഗത്തിെൻറ നീക്കത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അസം റൈഫിൾസ് സൈനികർ സ്ഥലത്തെത്തിയത്. തൊഴിലാളികളുടെ വാനിനുനേരെ സൈന്യം തെറ്റിദ്ധരിച്ചു വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. വെടിവെപ്പിൽ ആറു തൊഴിലാളികൾ മരിച്ചു. രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
പിന്നാലെ രോഷാകുലരായ നാട്ടുകാർ സുരക്ഷ സേനയെ വളഞ്ഞു. തുടർന്ന് ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവെപ്പിലാണ് അഞ്ചു ഗ്രാമീണർ കൂടി കൊല്ലപ്പെടുന്നത്. ആറുപേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ സൈനികൻ കൊല്ലപ്പെടുകയും സുരക്ഷസേനയുടെ മൂന്നു വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. വൈകുന്നേരത്തോടെ, പ്രകോപിതരായ നാട്ടുകാർ അസം റൈഫിൾസ് ക്യാമ്പ് വളഞ്ഞതോടെ മോൺ ടൗണിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. ക്യാമ്പിൽ അതിക്രമിച്ചുകടന്ന ഇവർ ക്യാമ്പിെൻറ ഒരു ഭാഗം തീയിടാൻ ശ്രമിച്ചതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. അതിനിടെ, അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് തടയാൻ മോൺ ജില്ലയിൽ മൊബൈൽ ഇൻറർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ റദ്ദാക്കി.
രോഷാകുലരായ ജനക്കൂട്ടം ഞായറാഴ്ച ഉച്ചയോടെ മോൺ കൊഹിമയിലെ കൊന്യാക് യൂനിയൻ ഓഫിസും അസം റൈഫിൾസ് ക്യാമ്പും തകർത്തു. കൂടുതൽ പൊലീസെത്തി സംഘർഷമൊഴിവാക്കുകയും സ്ഥലത്ത് നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് ഈസ്റ്റേൺ നാഗാലാൻഡ് പീപ്ൾസ് ഓർഗനൈസേഷൻ (ഇ.എൻ.പി.ഒ) മേഖലയിലെ ഗോത്രങ്ങളോട് സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മാമാങ്കമായ ഹോൺബിൽ ഫെസ്റ്റിവലിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.