കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളിലും ആന്ധ്രപ്രദേശിലും സംഘർഷം. ബംഗാളിൽ ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളിലാണ് സി.പി.എം -തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
അതിനിടെ, കേതുഗ്രാമിലെ പാർട്ടി പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്ചയാണ് ബോംബ് ആക്രമണത്തിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടത്.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ബൂത്തിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോന്തുരു മണ്ഡലത്തിന് കീഴിലുള്ള ഗോകർണപള്ളിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ഉത്തർപ്രദേശിലെ ലക്നോയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ സാങ്കേതിക തകരാറിനെ തുടർന്ന് ചില ബൂത്തുകളിൽ വോട്ടെടുപ്പ് തടസപ്പെട്ടു. ഗംഗാഗഞ്ച്, ബിത്തൂർ, കല്യാൺ പൂർ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് മെഷീൻ തകരാറിലായത്.
കല്യാൺപൂർ നിയമസഭ മണ്ഡലത്തിലെ ബൂത്തിലും വോട്ടിങ് മെഷീൻ തകരാറിലായി. മെഷീൻ തകരാർ അക്ബർ പൂർ ലോക്സഭ മണ്ഡലത്തിലെ സമാജ് വാജി പാർട്ടി സ്ഥാനാർഥി രാജാറാം പാൽ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
നാലാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.
തെലങ്കാന- 17, ആന്ധ്രാപ്രദേശ് -25, ഉത്തർപ്രദേശ്- 13, ബിഹാർ - അഞ്ച്, ഝാർഖണ്ഡ് - നാല്, മധ്യപ്രദേശ് - എട്ട്, മഹാരാഷ്ട്ര- 11, ഒഡിഷ - നാല്, പശ്ചിമ ബംഗാൾ-എട്ട്, ജമ്മുകശ്മീർ -ഒന്ന് എന്നിങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. 370 ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ജമ്മു-കശ്മീരിൽ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. കശ്മീർ ലോക്സഭ സീറ്റിലേക്കാണ് വോട്ടെടുപ്പ്.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (കനൗജ്), കേന്ദ്രമന്ത്രി ഗിരിരാജ് സിങ് (ബെഗുസാരായ്), തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയ്ത്ര (കൃഷ്ണനഗർ), എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി (ഹൈദരാബാദ്), കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി (ബഹറാംപുർ), വൈ.എസ് ശർമിള (കടപ്പ) തുടങ്ങിയവരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ.
1,717 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 7.70 കോടി വോട്ടർമാരാണ് വിധിയെഴുതുക. 543 അംഗ ലോക്സഭയിൽ 283 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് മേയ് 20നാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.