ലഖ്നോ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാം തർക്കത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ വെടിവച്ചു കൊന്നു. യു.പിയിലെ സഹാറൻപൂർ ജില്ലയിലാണ് സംഭവം. വാൻഷ് പൻവാർ (15) ആണ് മരിച്ചത്. രാംപൂർ മണിഹരനിലെ ഡൽഹി റോഡിന് സമീപമുള്ള ഗോചർ കൃഷി ഇന്റർ കോളജിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു വാൻഷ്.
സഹപാഠികളായ ഉമേഷ് ചന്ദ്, അഖിൽ കുമാർ എന്നിവർ സ്കൂൾ ബാഗ് കേടുവരുത്തിയതുമായി ബന്ധപ്പെട്ട വഴക്കാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് അഖിൽ തന്റെ സുഹൃത്തായ വാൻഷ് പൻവാറിനോട് വഴക്കിനെക്കുറിച്ച് പറയുകയും ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം പറഞ്ഞ് ഉമേഷിന് സന്ദേശം അയക്കുകയുമായിരുന്നു. ഇതിൽ രോഷാകുലനായ ഉമേഷ് 19കാരനായ ജ്യേഷ്ഠൻ വിനയനോട് തോക്ക് സംഘടിപ്പിച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു.
ബുധനാഴ്ച ഉമേഷ്, വിനയ്, അനിൽ എന്നിവർ സ്‌കൂളിലെത്തി വാൻഷിനെ പുറത്തേക്ക് വിളിപ്പിച്ചു. മൂന്നംഗ സംഘം മുഖം മൂടിയും ഹെൽമെറ്റും ധരിച്ച് ബൈക്കിലെത്തിയാണ് വെടിവെച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സ്‌കൂളിന് പുറത്ത് വെടിയേറ്റ് മരിച്ചു കിടക്കുന്ന വാൻഷിനെയാണ് കണ്ടത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.