അസദുദ്ദീൻ ഉവൈസിയെ പൂട്ടി ഹൈദരാബാദ് പിടിക്കുക എന്നത് ഏറെക്കാലമായി ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്
‘പേൾ സിറ്റി’യെന്നാണ് ഹൈദരാബാദിന്റെ വിളിപ്പേര്. പേൾ സിറ്റിയെന്ന ഓൾഡ് ഹൈദരാബാദിനെ ഗോൾഡ് ഹൈദരാബാദാക്കുമെന്ന് പറഞ്ഞത് ഹീര ഗ്രൂപ് എം.ഡിയും മഹിള എംപവർമെന്റ് പാർട്ടി സ്ഥാപകയുമായ നൗഹിറ ഷെയ്ക്കാണ്. നിക്ഷേപ തട്ടിപ്പുകേസും ഇ.ഡി അന്വേഷണവുമായി കഴിയുന്ന അവർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രംഗത്തില്ല.
അസദുദ്ദീൻ ഉവൈസിയെ പൂട്ടി ഹൈദരാബാദ് പിടിക്കുക എന്നത് ഏറെക്കാലമായി ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സകലമാന അടവുകളും ബി.ജെ.പി പയറ്റിവരുന്നു. ഇത്തവണ ഉവൈസിക്കെതിരെ ബി.ജെ.പിയുടെ തുറുപ്പ് ശീട്ട് 49 കാരിയായ കൊംപല്ല മാധവി ലതയാണ്. ‘മുത്തലാഖ്’ വിഷയത്തിൽ മുസ്ലിം സ്ത്രീകൾക്കായി പ്രവർത്തിച്ച ‘സാമൂഹിക പ്രവർത്തക’ എന്ന ലേബലിലാണ് വരവ്.
സിംഹിണി എന്ന വീരപരിവേഷം പ്രചാരണവേദികളിൽ കന്നിക്കാരി മാധവിക്ക് ബി.ജെ.പി ചാർത്തി നൽകുന്നു. മൂർച്ചയേറിയ വർഗീയ പ്രചാരണങ്ങളുമായി നേതാക്കളും വേദികൾ കൊഴുപ്പിക്കുന്നു. ഹൈദരാബാദിനെ പാകിസ്താനാക്കി മാറ്റുന്നത് ബി.ജെ.പി തടയുമെന്നാണ് അവകാശവാദം. ഇന്ത്യയെ സ്നേഹിക്കുന്നവർ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്നാണ് ആഹ്വാനം. ഉവൈസിക്കും കോൺഗ്രസിനും വോട്ടുചെയ്യുന്നവർ പാകിസ്താനെ സ്നേഹിക്കുന്നവരാണെന്നും പറഞ്ഞുവെക്കുന്നു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി യെമുലവാഡയിൽ ബി.ജെ.പി പ്രചാരണത്തിനിടെ പറഞ്ഞത്, കോൺഗ്രസും ബി.ആർ.എസും ചേർന്ന് ഹൈദരാബാദ് ലോക്സഭ മണ്ഡലം ഉവൈസിയുടെ മീം പാർട്ടിക്ക് (ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ-എ.ഐ.എം.ഐ.എം) ‘പാട്ട’ത്തിന് നൽകിയെന്നാണ്. ഇതിന് ഉവൈസി നൽകിയ മറുപടി ‘ഹൈദരാബാദിലുള്ളവർ കന്നുകാലികളല്ലെന്നും നല്ല ഒന്നാന്തരം പൗരന്മാരാണെന്നു’മായിരുന്നു. ഈ ഉരുളക്കുപ്പേരി തന്നെയാണ് ഉവൈസിയെയും ഹൈദരാബാദിനെയും ബി.ജെ.പിയുടെ കണ്ണിലെ കരടാക്കുന്നത്.
നാലുപതിറ്റാണ്ടായി ഹൈദരാബാദ് ലോക്സഭ മണ്ഡലം ഉവൈസിയുടെ കുടുംബത്തിന്റെ കൈയിലാണ്. 1984 മുതൽ സുൽത്താൻ സലാഹുദ്ദീൻ ഉവൈസിയും 2004 മുതൽ മകൻ അസദുദ്ദീൻ ഉവൈസിയുമാണ് പ്രതിനിധികൾ. 59 ശതമാനം ന്യൂനപക്ഷ വോട്ടുള്ള മണ്ഡലം. ബി.ജെ.പി വെങ്കയ്യ നായിഡുവിലൂടെ 1996ൽ ഒരു ബലപരീക്ഷണം നടത്തിയെങ്കിലും 73,273 വോട്ടിന് തോറ്റു. ഏഴു നിയോജക മണ്ഡലങ്ങളിൽ ആറും ഉവൈസിയുടെ പാർട്ടിയുടെ കൈയിലാണ്.
ഹൈദരാബാദിന്റെ ഓൾഡ് സിറ്റി മേഖലയിൽ ശേഷിക്കുന്ന ഏക സീറ്റായ ഗോഷ മഹൽ ബി.ജെ.പിയുടെ കൈയിലും. തീപ്പൊരി നേതാവും വിദ്വേഷ പ്രചാരകനുമായ ടി. രാജാസിങ്ങാണ് ഗോഷമഹൽ എം.എൽ.എ. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ഹിന്ദു വിഭാഗക്കാരിൽ അരക്ഷിത ബോധം വളർത്തുന്നതിൽ ബി.ജെ.പി വിജയിച്ചിട്ടുണ്ടെന്ന് ജനങ്ങളുടെ പ്രതികരണങ്ങളിൽനിന്ന് തിരിച്ചറിയാം.
ഉവൈസിക്കെതിരെ ഡമ്മി സ്ഥാനാർഥിയെയാണ് കോൺഗ്രസ് നിർത്തിയതെന്നാണ് ബി.ജെ.പി ആരോപണം. കർവാൻ മേഖലയിൽ റാലിക്കിടെയാണ് കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് സമീർ വലീയുല്ലയെ കാണുന്നത്. യുവനേതാവാണ്. സമീറിനായി പ്രചാരണത്തിന്റെ പിന്നണിയിലുള്ളത് ബംഗളൂരു സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥിയും എ.ഐ.സി.സി സെക്രട്ടറിയുമായ മൻസൂർ അലി ഖാനാണ്.
ബംഗളൂരുവിലെ പോളിങ്ങിന് പിന്നാലെ മൻസൂർ ഹൈദരാബാദിലേക്ക് വണ്ടി കയറുകയായിരുന്നു. മണ്ഡലത്തിൽ ഇത്രയും കാലമായിട്ടും വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ ഉവൈസിക്കായില്ലെന്ന് സമീർ വലീയുല്ല പറയുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ഉവൈസിയുടെ സ്വത്ത് വർധിക്കുകയാണ്. ഓൾഡ് സിറ്റിയിലെ ജനങ്ങൾ ദരിദ്രരായി തുടരുന്നു. ഉവൈസി ജയിച്ചാലും ബി.ജെ.പി ജയിച്ചാലും ഹൈദരാബാദിലെ സ്ഥിതി അങ്ങനെതന്നെ തുടരുമെന്ന് സമീർ പറഞ്ഞു.
ഓൾഡ് സിറ്റിയിൽ തൊഴിലില്ലായ്മ 21 ശതമാനം വർധിച്ചതായാണ് കണക്കുകൾ. ജയിച്ചാൽ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. മീം പാർട്ടിയും ബി.ജെ.പിയും വിഭജന രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും സമീർ വലിയുല്ല കുറ്റപ്പെടുത്തി.
ഗദ്ദം ശ്രീനിവാസ് യാദവാണ് ബി.ആർ.എസ് സ്ഥാനാർഥി. ബി.ജെ.പി ജയിച്ചാൽ ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കുമെന്ന മുന്നറിയിപ്പാണ് ബി.ആർ.എസ് വേദികളിൽ നൽകുന്നത്. 1,15,5016 മുസ്ലിം വോട്ടാണ് മണ്ഡലത്തിലുള്ളത്. ഈ വോട്ടുകളിൽ ബഹുഭൂരിഭാഗവും ഉവൈസിയിലേക്ക് കേന്ദ്രീകരിക്കുകയും മുസ്ലിം ഇതര വോട്ടുകൾ കോൺഗ്രസിലും ബി.ആർ.എസിലും ബി.ജെ.പിയിലുമായി വിഘടിച്ചുപോവുകയും ചെയ്യുന്നതാണ് പതിവു ചിത്രം.
ഗോഷ മഹലിൽ മാത്രം ഹിന്ദുവോട്ടുകൾ ബി.ജെ.പിയിലേക്ക് തിരിയുന്നു. ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസി ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിലെ ചന്ദ്രയാൻഗുട്ട നിയോജക മണ്ഡലം എം.എൽ.എയാണ്. ഒരു ദേശീയ മുസ്ലിം നേതാവെന്ന നിലയിൽ എന്തൊക്കെ കുറവുകളുണ്ടെങ്കിലും 54 കാരനായ അസദുദ്ദീൻ ഉവൈസി ഹൈദരാബാദിന്റെ മണ്ണിൽ വീരനായകനാണ്. കഴിഞ്ഞതവണ 2,82,186 വോട്ടിന് ജയിച്ച അദ്ദേഹം തുടർച്ചയായ അഞ്ചാം ജയം പ്രതീക്ഷിക്കുന്നു. 2014ൽ 52.9 ശതമാനമായിരുന്നു ഉവൈസിക്ക് ലഭിച്ച വോട്ട്. 2019ൽ അത് 58.94 ശതമാനമായി ഉയർന്നു.
നമ്പള്ളി ഗോഷമഹൽ നോർത്തിലെ എ.ഐ.എം.ഐ.എം ഓഫിസിലേക്ക് ഈ ലേഖകൻ ചെന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയങ്ങളിലൊന്നിലാണ് ഓഫിസ്. പരിചയപ്പെട്ട് വിവരങ്ങൾ തിരക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരിലൊരാൾ ‘കേരളത്തിൽ രാഹുൽ ഗാന്ധി ജയിക്കുമോ?’ എന്നു ചോദിച്ചു.
ഞാൻ നിസ്സങ്കോചം ‘അതെ’ എന്നു മറുപടി പറഞ്ഞു. ഇതുകേട്ടതിനുശേഷം അവരുടെ പെരുമാറ്റത്തിലൊരു മാറ്റം. വാക്കും പ്രവൃത്തിയും അസുഖകരമായി. ഞാൻ ഓഫിസ് വിട്ടിറങ്ങി ഓൾഡ് സിറ്റിയിലെ ഉവൈസിയുടെ പദയാത്ര ലക്ഷ്യമിട്ടുനീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.