കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന -സഞ്ജീവ് ഖന്ന

ന്യൂഡൽഹി: കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. സുപ്രീംകോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് സഞ്ജീവ് ഖന്നയുടെ പ്രതികരണം. വിചാരണയുടെ കാലയളവ് കുറക്കുന്നതും നിയമത്തിന്റെ പ്ര​ക്രിയകൾ കൂടുതൽ ലളിതമാക്കുന്നതും തന്റെ ലക്ഷ്യങ്ങളാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.

ഭരണഘടനയെ ഉയർത്തിപ്പിടിക്കുക എന്നതാണ് ജുഡീഷ്യറിയുടെ പ്രധാന ചുമതലകളിലൊന്ന്. ഭരണനിർവഹണത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജുഡീഷ്യറി. സ്വതന്ത്രമായ സംവിധാനമാണ് ജുഡീഷ്യറി. ഭരണഘടനയുടെ രക്ഷകർത്താവാണ് അത്. മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ജുഡീഷ്യറിയുടെ കർത്തവ്യമാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.

സമ്പത്തിന്റേയും അധികാരത്തിന്റേയും പേരിൽ വിവേചനം ഇല്ലാതെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുകയാണ് ജുഡീഷ്യറിയുടെ ലക്ഷ്യം. വിചാരക്കാലയളവ് കുറക്കുന്നതിന് ചില മാറ്റങ്ങൾ ജുഡീഷ്യൽ സംവിധാനത്തിൽ കൊണ്ടു വരും. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തിന് ശേഷം ആദ്യം ചെയ്യാനുള്ള ജഡ്ജിമാരുടെ ഒഴിവ് നികത്തുകയാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.

സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം ഉയർത്തുന്നതിന് തത്വത്തിൽ ധാരണയായിരുന്നു. 32 ജഡ്ജിമാരിൽ നിന്ന് എണ്ണം 34 ആക്കി ഉയർത്താനാണ് ധാരണയായത്.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റെടുത്തത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പിൻഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമ്മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജ്ജു, ഊർജമന്ത്രി മനോഹർലാൽ ഖട്ടാർ, മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തിരുന്നു.

അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെയാണ് ഡി.വൈ ചന്ദ്രചൂഢ് ശിപാർശ ചെയ്തത്. അടുത്ത വർഷം മെയ് 13 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും.

Tags:    
News Summary - Clearing backlogs Justice Khanna's vision as Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.