ബംഗളൂരു: ദീപാവലി ദിനത്തിൽ മരിച്ചാൽ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും സ്വർഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടർന്ന് 40കാരൻ ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ ഭൂസാന്ദ്രയിൽ നവംബർ ഒന്നിനായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കൃഷ്ണമൂർത്തി എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ഇയാൾ നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്. കുടുംബകലഹത്തിനിടെയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. കേസിൽ ആറ് മാസം മുമ്പ് ഇയാൾ ജയിൽമോചിതനായതാണ്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണമൂർത്തി ദീപാവലി ദിനത്തിൽ മരിച്ചാലുള്ള 'പ്രത്യേകതകളെ' കുറിച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നുവെന്ന വിവരം ലഭിച്ചത്. ചെയ്ത തെറ്റുകൾക്ക് മോക്ഷം ലഭിക്കുമെന്നും സ്വർഗത്തിലെത്തുമെന്നും ഇയാൾ പറഞ്ഞിരുന്നത്രെ. ഇക്കാര്യങ്ങൾ സുഹൃത്തുക്കളുമായി സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കൃഷ്ണമൂർത്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗം ലഭിക്കുമെന്നുമുള്ള വിശ്വാസമാണ് ഇയാൾ ആത്മഹത്യ ചെയ്യാനുള്ള കാരണമായി കരുതുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അസാധാരണ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.