ന്യൂഡൽഹി: കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതമായി ഓരോ നൂറ്റാണ്ടിലും ഒരിക്കൽ നടക്കുന്ന സംഭവങ്ങൾ ഇപ്പോൾ ഓരോ അഞ്ച് വർഷത്തിലും അതിൽ താഴെയുമുള്ള കാലയളവിൽ സംഭവിക്കുന്നുവെന്ന് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് (സി.എസ്.ഇ) ഡയറക്ടർ ജനറൽ സുനിത നരേൻ. ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ 93 ശതമാനം ദിവസങ്ങളിലും ഇന്ത്യയുടെ ചില ഭാഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള തീവ്ര കാലാവസ്ഥയെ അഭിമുഖീകരിച്ചതായി സി.എസ്.ഇ പുറത്തിറക്കിയ റിപ്പോർട്ട് വെളിപ്പെടുത്തി.
റെക്കോർഡ് തകർക്കുന്ന സ്ഥിതിവിവരക്കണക്കുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും റിപ്പോർട്ട് പുറത്തുവിട്ട് സുനിത പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കുന്ന ബാക്കുവിലെ കാലാവസ്ഥാ ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള രാജ്യങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതകളെക്കുറിച്ച് ഉചിതമായ ആഗോള ഇടപടൽ നടത്തേണ്ടതിന്റെ പ്രാധാന്യം സുനിത അടിവരയിട്ടു.
ഈ റിപ്പോർട്ട് ഒരു മുന്നറിയിപ്പാണ്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ ആവശ്യമായ അടിയന്തര നടപടിക്കുള്ള ആഹ്വാനമാണ്. ഇതിനെ അർത്ഥവത്തായ തോതിൽ ചെറുക്കാതിരുന്നാൽ ഇന്നത്തെ വെല്ലുവിളികൾ നാളെ കൂടുതൽ വഷളാവുകയേയുള്ളൂ -അവർ പറഞ്ഞു.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ രാജ്യത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ മോശമാണ്. 2024ൽ, വർഷത്തിലെ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ 93 ശതമാനം ദിവസങ്ങളിലും ഇന്ത്യ അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങളെ അഭിമുഖീകരിച്ചു. 274 ദിവസങ്ങളിൽ 255ലും ചൂടും, ഉയർന്ന തിരമാലകളും, ചുഴലിക്കാറ്റും, മിന്നലും കനത്ത മഴയും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും ഉണ്ടായെന്ന് ‘ഇന്ത്യ 2024: തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ഒരു വിലയിരുത്തൽ’ എന്ന റിപ്പോർട്ടിൽ പറയുന്നു.
176 ദിവസങ്ങളിൽ മധ്യപ്രദേശിൽ അതിതീവ്രമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന കാലാവസ്ഥയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്. 550. മധ്യപ്രദേശിൽ 353, അസമിൽ 256 എന്നിങ്ങനെയാണ്. യഥാർത്ഥ സ്ഥിതി ഇതിലും മോശമായേക്കാമെന്നും പഠനവുമായി ബന്ധപ്പെട്ട വിദഗ്ധർ പറഞ്ഞു. ഇതിനകം നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നഷ്ടത്തിന്റെയും നാശത്തിന്റെയും നിരന്തരമായ ഈ ചക്രവുമായി പൊരുത്തപ്പെടാനുള്ള വിഭവങ്ങളില്ലാത്ത ഏറ്റവും ദുർബലരായ ജനസംഖ്യയുടെ മേൽ ഇത് കടുത്ത ആഘാതമുണ്ടാക്കുന്നു. മൺസൂൺ മഴ രാജ്യവ്യാപകമായി 32 സംസ്ഥാനങ്ങളിൽ 1,021 മരണങ്ങൾക്ക് കാരണമായപ്പോൾ വെള്ളപ്പൊക്കത്തിൽ 1,376 പേർ മരിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉഷ്ണതരംഗങ്ങൾ 210 പേരുടെ ജീവൻ അപഹരിച്ചു. ഉയർന്ന താപനില ആളുകളുടെ ക്ഷേമത്തിൽ നീണ്ടുനിൽക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ ഈ ഡേറ്റ പ്രതിഫലിപ്പിക്കുന്നില്ലെന്നും പഠനവുമായി ബന്ധപ്പെട്ട വിദഗ്ധനായ രജിത് സെൻഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.