ന്യൂഡൽഹി: സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടിയോളം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി.ആർ വർക്കിനായി കേന്ദ്രസർക്കാർ ചെലവഴിച്ചുവെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ. ഇന്ത്യാ സർക്കാറിന്റെ മിക്ക പരിപാടികളും മോദിയെ ഉയർത്തിക്കാട്ടുന്നതിനുവേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതാണെന്നും മോദിയുടെയും ബി.ജെ.പിയുടെയും പ്രചാരണത്തിനുപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും എക്‌സിലെ പോസ്റ്റിൽ തൃണമൂൽ എം.പി പറഞ്ഞു.
‘സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് ഏകദേശം 8000 കോടി രൂപ (950 മില്യൺ ഡോളർ) മോദിയുടെ സ്വകാര്യ പി.ആറിന് വേണ്ടി മാത്രം സർക്കാർ ചെലവഴിച്ചു. ഇന്നലെ ഗാന്ധി ജയന്തി ദിനത്തിൽ മോദി സ്വച്ഛ് ഭാരത് കാമ്പയിനിന്റെ 10 വർഷം ആഘോഷിച്ചു. എന്നാൽ ഈ പ്രചാരണംകൊണ്ട് എന്താണ് നേടിയതെന്നും’ ഗോഖലെ ചോദിച്ചു.
‘ഇതാണ് യാഥാർത്ഥ്യം. 2014 മുതൽ ഇന്നുവരെയുള്ള പരസ്യങ്ങൾ, പി.ആർ കാമ്പെയ്‌നുകൾ, ഹോർഡിംഗുകൾ, മറ്റ് പബ്ലിസിറ്റി മെറ്റീരിയലുകൾ എന്നിവക്കായി സ്വച്ഛ് ഭാരതിന്റെ ബജറ്റിൽനിന്ന് 8000 കോടി രൂപയോളം മോദി ചെലവഴിച്ചു. സ്വച്ഛ് ഭാരതിന്റെ മിക്കവാറും എല്ലാ പരസ്യങ്ങൾക്കും / ഹോർഡിംഗുകൾക്കും ഒരു വലിയ തുകവരും. മോദിയുടെ ഫോട്ടോകളും വിഡിയോകളും അദ്ദേഹത്തിന്റെ പ്രതിച്ഛായയയെ ‘ മാത്രം മഹത്വപ്പെടുത്തുന്നു’വെന്നും ഗോഖലെ വിമർശിച്ചു.
നോട്ട് അസാധുവാക്കലിനുശേഷം ഇന്ത്യയുടെ പുതിയ കറൻസി നോട്ടുകളിൽ പോലും സ്വച്ഛ്ഭാരത് എന്ന മുദ്ര പതിപ്പിക്കണമെന്ന് നിർബന്ധം പിടിക്കുന്ന തരത്തിലായിരുന്നു മോദിയുടെ സ്വകാര്യ പി.ആർ. കേന്ദ്ര ഗവൺമെന്റിന്റെ മിക്കവാറും എല്ലാ പരിപാടികളും മോദിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ടതാണെന്നും പരസ്യങ്ങൾക്കായി ചെലവഴിച്ച തുക ഞെട്ടിക്കുന്നതാണെന്നും ഗോഖലെ പറഞ്ഞു. ‘ഇത് ഒരു കാമ്പെയ്ൻ മാത്രമാണ്. എന്നാൽ, ഇന്ത്യാ സർക്കാറിന്റെ മിക്കവാറും എല്ലാ പരിപാടികളും മോദിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. 50 സർക്കാർ പ്രോഗ്രാമുകൾ/സ്‌കീമുകൾ, പരസ്യങ്ങൾക്കും പി.ആർ എന്നിവക്കുവേണ്ടി മാത്രം ചെലവഴിച്ച തുക അമ്പരപ്പിക്കുന്നു. മോദിയുടെയും ബി.ജെ.പിയുടെയും പ്രചാരണത്തിനുപയോഗിക്കുന്നത് നികുതിദായകരുടെ പണമാണ്.
മോദി ചെയ്യുന്നതുപോലെ ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കോ നേതാവിനോ അവരുടെ വ്യക്തിഗത പി.ആറിനായി ലക്ഷക്കണക്കിന് കോടി രൂപ സർക്കാർ ഫണ്ട് ലഭ്യമല്ല. മിക്കവാറും എല്ലാറ്റിനും നികുതി വർധിപ്പിച്ച് മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയും ചോരയൂറ്റുകയും ചെയ്യുന്നു. ശേഷം നിങ്ങളുടെ അധ്വാനിച്ച പണം നികുതിയായി തട്ടിയെടുക്കുന്നു. വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ പോലും മോദിയുടെ ഫോട്ടോ പതിച്ചിട്ടുള്ള പി.ആറിനാണ് ഇതൊക്കെ ചെലവഴിക്കുന്നതെന്നും ടി.എം.സി എം.പി ആഞ്ഞടിച്ചു.
‘പാർലമെന്‍റിൽ ഭൂരിപക്ഷം പോലും നേടാനാകാത്ത മോദിയെപ്പോലുള്ള ഒരാളുടെ പി.ആറിനായി ലക്ഷക്കണക്കിന് കോടികൾ സർക്കാറിന് ചെലവഴിക്കാൻ സാധാരണ ഇന്ത്യക്കാർ എന്തിന് സ്വയം ചോരണം? മോദിയുടെ വ്യക്തിപരമായ പ്രചാരണത്തിന് ആളുകളുടെ നികുതിപ്പണം എന്തിന് ഉപയോഗിക്കണം? ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ വോട്ട് ചെയ്യാതെ പാർട്ടിയെ 240 സീറ്റിലേക്ക് ഒതുക്കിയെന്നും’ അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.