എല്ലാ കൊലയും ഒരുപോലെ കാണുമെന്ന് കർണാടക മുഖ്യമന്ത്രി; പ്രവീണിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

ബംഗളൂരു: 10 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. തങ്ങൾ എല്ലാ കൊലപാതകങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 'മംഗളൂരുവിൽ കഴിഞ്ഞ ദിവസം ഫാസിലിന്‍റെ കൊലപ്പെടുത്തിയ സംഭവം സാധാരണ കൊലപാതകമല്ല. അത് ആസൂത്രണത്തിന് ശേഷം നടന്നതാണ്' -ബൊമ്മൈ പറഞ്ഞു.

അതേസമയം, സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണിന്‍റെ കുടുംബത്തിന് ബൊമ്മൈ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. കുടുബത്തിന് 25 ലക്ഷം രൂപ ബി.ജെ.പിയും നൽകി. പാർട്ടിയുടെയും സർക്കാരിന്റെയും എല്ലാ സഹകരണവും പ്രവീണിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം പ്രവീണിന്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രി കൊലപാതകം ഭീകരപ്രവർത്തനമാണെന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം, കർണാടകയിലെ ബി.ജെ.പി സർക്കാർ യുവാക്കളുടെ ജീവൻകൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ദക്ഷിണ കന്നട ജില്ലയിൽ മൂന്നു യുവാക്കളുടെ കൊലപാതകങ്ങൾ നടന്നത് സംസ്ഥാനത്തിന്‍റെ മുഖം നഷ്ടപ്പെടുത്തിയെന്നും ഭരണകക്ഷിയായ ബി.ജെ.പി കൊലപാതകം കരുവാക്കി രാഷ്ട്രീയം കളിക്കുകയാണെന്നും മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. എന്നാൽ, പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിഷേധിച്ചു.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദർശിച്ചപ്പോൾ

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു ജൂലൈ 26നാണ് കൊല്ലപ്പെട്ടത്. ബെല്ലാരെ ഗ്രാമത്തിലാണ് സംഭവം. ജൂലൈ 19ന് കർണാടക സ്വദേശിയായ മസൂദ് കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമാണ് പ്രവീണിന്‍റെ വധമെന്നാണ് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നത്. തുടർന്ന് ജൂലൈ 28ന് സൂറത്കൽ മംഗൽപേട്ട് സ്വദേശി മുഹമ്മദ് ഫാസിൽ (29) കൊല്ലപ്പെട്ടു.

സമൂഹത്തിന്‍റെ ധർമശാസ്ത്രത്തിന് മുറിവേറ്റാൽ പ്രതിക്രിയ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ നേരത്തേ പറഞ്ഞിരുന്നു. ഇത് കൊലകൾക്കുള്ള പ്രേരണയായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. മൂന്നു കൊലപാതകങ്ങളും തുല്യപ്രാധാന്യത്തിൽ അന്വേഷിക്കണമെന്നും പരിഗണിക്കണമെന്നും കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ യു.ടി. ഖാദർ പറഞ്ഞു.

കുമാരസ്വാമി ബൊമ്മൈയെ രൂക്ഷമായാണ് വിമർശിച്ചത്. 'മുഖ്യമന്ത്രി മംഗളൂരുവിൽ ഉള്ളപ്പോഴാണ് ഫാസിൽ കൊല്ലപ്പെട്ടത്. ഉടൻതന്നെ മുഖ്യമന്ത്രി അവിടെ നിന്ന് മുങ്ങി. ആരെയാണ് മുഖ്യമന്ത്രി പേടിക്കുന്നത്. അദൃശ്യമായ കരങ്ങളുടെ നിർദേശങ്ങളാണോ അദ്ദേഹത്തെ നയിക്കുന്നത്. കൊലപാതകങ്ങൾ തടയുന്നതിനു പകരം ബുൾഡോസർ രാജിനെപ്പറ്റിയാണ് ബൊമ്മൈ സംസാരിക്കുന്നത്. യു.പിയെ പോലെ ജംഗിൾ രാജ് കർണാടകയിലും നടപ്പാക്കുന്നതിനുള്ള ഗൂഢാലോചനയാണത്' -കുമാരസ്വാമി ആരോപിച്ചു. പ്രതിപക്ഷം ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രവീണിന്‍റെ കൊലപാതകത്തിന് തൊട്ടുടനെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും വിമർശനത്തിനിടയാക്കി. വേണ്ടിവന്നാൽ സംസ്ഥാനത്ത് 'യോഗി മാതൃക' നടപ്പാക്കുമെന്നായിരുന്നു ബൊമ്മൈ പറഞ്ഞത്. ഉത്തർപ്രദേശിലെ സാഹചര്യം കർണാടകയിലും ഉയർന്നുവന്നാൽ യോഗി ആദിത്യനാഥിന്‍റെ മാതൃക നടപ്പാക്കുമെന്നും ദേശവിരുദ്ധ ശക്തികളെയും ഭീകരരെയും ഇല്ലായ്മ ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ സേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലായിയെന്ന വിമർശനമുണ്ട്.

പ്രവീണിന്‍റെ സംസ്കാരചടങ്ങിൽ പ്രശ്നമുണ്ടാക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്ത ബി.ജെ.പി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. സംഭവത്തിൽ രണ്ട് എസ്.ഐമാരെ സ്ഥലംമാറ്റി.

പ്രമോദ് മുത്തലിക്കിന് പ്രവേശന വിലക്ക്

ബംഗളൂരു: ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിന് ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണിന്റെ വീട്ടിലെത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്. മുത്തലിക്കിന്‍റെ സന്ദർശനം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നതിനാലാണിത്. ഉഡുപ്പിയിലൂടെയാണ് ജില്ലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ, ഹെജമഡിക്കടുത്ത് പൊലീസ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

Tags:    
News Summary - CM Bommai gives Rs 25 lakh to Praveen’s family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.