ബംഗളൂരു: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ, കർണാടക മുഖ്യമന്ത്രിയും ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ‘ജൻ ദർശൻ’ പരിപാടിക്കാണ് തുടക്കമായത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് മുഖ്യമന്ത്രി ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി.
ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എത്തിയത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമടക്കം 20 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എല്ലാ വകുപ്പുകളുടെയും കമ്മീഷണർമാർ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇത് രണ്ടാം തവണയാണ് ‘ജൻ ദർശൻ’ സംഘടിപ്പിക്കുന്നത്. പരാതികൾ രജിസ്റ്റർ ചെയ്യാനായി എത്തുന്നവർക്ക് ക്യു.ആർ. കോഡുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലെയും പരാതികൾ തരംതിരിക്കാനും ഉദ്യോഗസ്ഥർ സംവിധാനം തയാറാക്കി.
അതേസമയം, പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ പോസ്റ്റിലേക്കുള്ള പരീക്ഷയുടെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഏതാനും ഉദ്യോഗാർത്ഥികൾ ഇവിടെ പ്രതിഷേധിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.