ബംഗളൂരു: കർണാടകയിലെ ഹിന്ദുത്വ ഫാക്ടറിയായാണ് തീരദേശ മേഖല വിലയിരുത്തപ്പെടുന്നത്. ഭൂരിപക്ഷ വർഗീയതക്കൊപ്പം ന്യൂനപക്ഷ വർഗീയതയും വേരുപിടിക്കുന്നതാണ് മേഖലയിലെ പുതിയ രാഷ്ട്രീയ ചിത്രം. പോപുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ആക്കംകൂട്ടാൻ ബി.ജെ.പി ചൂണ്ടിക്കാട്ടുന്ന പ്രവീൺ നെട്ടാരു വധം അരങ്ങേറിയ ദക്ഷിണ കന്നടയും ഹിജാബ് വിവാദം ആളിക്കത്തിയ ഉഡുപ്പിയും ഇത്തവണയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കോൺഗ്രസിനും ജെ.ഡി-എസിനുമൊപ്പം എസ്.ഡി.പി.ഐയും മത്സരരംഗത്തിറങ്ങുന്നതോടെ മേഖലയിലെ മത്സരം കനക്കും. പൊതുവെ ബി.ജെ.പിയെ പിന്തുണക്കുന്ന ബിലാവ സമുദായവും കോൺഗ്രസിന്റെ വോട്ടുബാങ്കായ മുസ്ലിം സമുദായവുമാണ് മേഖലയിലെ വിജയഗതി നിർണയിക്കുക. ന്യൂനപക്ഷ വോട്ടുകളിൽ ഒരു വിഭാഗം എസ്.ഡി.പി.ഐയിലേക്ക് വഴിമാറുന്നുവെന്നതിന്റെ സൂചനകളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. 2018ൽ ബി.ജെ.പി പഴറ്റിയ ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണങ്ങൾ ഇത്തവണ തീരദേശത്ത് അത്ര വിലപ്പോവില്ലെന്നാണ് വിലയിരുത്തൽ. ബി.ജെ.പി കാലത്തുണ്ടായ കടുത്ത അഴിമതിയും നേതൃത്വത്തിലെ അസ്വാരസ്യങ്ങളും ഹിജാബ് വിവാദവും പ്രവീൺവധത്തിനു മുമ്പും ശേഷവും നടന്ന മസൂദ്, ഫാസിൽ വധക്കേസുകളും അവ സർക്കാർ കൈകാര്യംചെയ്ത രീതിയും പൊതുജനങ്ങളിലുണ്ടാക്കിയ സ്വാധീനം വലുതാണ്. കാലങ്ങളായി ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ സാഹചര്യം വരുമ്പോൾ തീരമേഖല ഇരു പാർട്ടികളെയും മാറിമാറി സഹായിച്ചിട്ടുണ്ട്. ദക്ഷിണ കന്നട (എട്ട്), ഉഡുപ്പി (അഞ്ച്), ഉത്തര കന്നട (ആറ്) ജില്ലകളിലായി 19 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നടയിൽ ഒരു സീറ്റും ഉത്തര കന്നടയിൽ രണ്ടു സീറ്റുമാണ് കോൺഗ്രസിനൊപ്പം നിന്നത്. ബാക്കി 16 സീറ്റും ബി.ജെ.പി വാരി. കോൺഗ്രസ് ഒറ്റക്ക് അധികാരത്തിലേറിയ 2013ൽ 13 സീറ്റ് കോൺഗ്രസിന് ലഭിച്ചിരുന്നു. അന്ന് ബി.ജെ.പിയും സ്വതന്ത്രരും മൂന്നു സീറ്റ് വീതം പങ്കിട്ടു. എന്നാൽ, അതിവേഗത്തിൽ വർഗീയ ധ്രുവീകരണത്തിന് വഴിമാറിയ തീരമേഖലയിൽ പഴയപോലൊരു തിരിച്ചുവരവ് കോൺഗ്രസിന് എളുപ്പമല്ല. ആറു സിറ്റിങ് എം.എൽ.എമാരെ മാറ്റി പുതുമുഖങ്ങളുമായാണ് ബി.ജെ.പി ഇത്തവണ തീരമേഖലയിൽ മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയുടെ മകൻ നിവേദിത് ആൽവയെ ഉത്തര കന്നടയിലെ കുംതയിൽ രംഗത്തിറക്കിയതാണ് കോൺഗ്രസിലെ തലമുറ മാറ്റം.
ഉഡുപ്പിയിൽ ഹിജാബ് വിവാദത്തിന് വഴിമരുന്നിട്ട രഘുപതി ഭട്ടിനെ മാറ്റി പകരം യശ്പാൽ സുവർണക്ക് ബി.ജെ.പി അവസരം നൽകിയത് അപ്രതീക്ഷിത നീക്കമായിരുന്നു.. അതേസമയം, ഉഡുപ്പി കർക്കലയിൽ മന്ത്രി വി. സുനിൽകുമാറിനെതിരെ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.