കോയമ്പത്തൂർ: സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെ മർദിച്ച ട്രാഫിക് പൊലീസുകാരൻ അറസ്റ്റിൽ. കോയമ്പത്തൂർ പീളമേട് പൊലീസ് സ്റ്റേഷൻ സിഗ്നൽ ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്. ഭക്ഷ്യ ഡെലിവറി ഏജന്‍റായ കോയമ്പത്തൂർ നീലാമ്പൂർ സ്വദേശി മോഹനസുന്ദരം( 32) ആണ് മർദനത്തിനിരയായത്.
കഴിഞ്ഞ ദിവസം പീളമേട് ജങ്ഷനിൽ റോഡിലുടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്കൂൾ ബസിടിച്ച് വീഴ്ത്തി നിർത്താതെ പോയി. ഇതുകണ്ട മോഹനസുന്ദരം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാരൻ ബസ് വിട്ടയക്കുകയും മോഹനസുന്ദരത്തെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ പൊലീസുണ്ടെന്നും ബസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ തനിക്കെന്താണ് അധികാരമെന്നും ചോദിച്ചായിരുന്നു മർദനം. ഇത് വഴിയാത്രക്കാരിൽ ചിലർ മൊബൈൽഫോണിൽ പകർത്തി. വീഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറലായി.
അതിനിടെ മോഹനസുന്ദരം സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ പരാതി നൽകി. സംഭവമറിഞ്ഞയുടൻ സതീഷിനെ പൊലീസ് കൺട്രോൾ മുറിയിലേക്ക് സ്ഥലംമാറ്റുകയും തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു. ഇതേ റൂട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കടന്നുപോകാനിരിക്കെ മോഹനസുന്ദരം സ്കൂൾ ബസ് തടഞ്ഞ് ഗതഗാതക്കുരുക്ക് സൃഷ്ടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് കോൺസ്റ്റബിൾ സതീഷ് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.