ആദർശവും പ്രവർത്തനവും തമ്മിലുള്ള അന്തരം തീരെ കുറഞ്ഞ നേതൃനിര രാഷ്ട്രീയത്തിൽനിന്ന് അതിവേഗം അപ്രത്യക്ഷമാകുന്ന കാലത്താണ് എൻ. ശങ്കരയ്യയുടെ വിയോഗം. ഒരു നൂറ്റാണ്ടിനപ്പുറം അദ്ദേഹം ജീവിച്ചു. അതിൽ മുക്കാൽ ഭാഗത്തിലേറെയും സമരതീക്ഷ്ണമായ കാലം. സംഘാടനവും എഴുത്തും വായനയും പ്രസംഗവുമായി ജനങ്ങൾക്കിടയിൽ കഴിഞ്ഞ നീണ്ട 80 വർഷങ്ങളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയമൂലധനം.
പഠനകാലത്തുതന്നെ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി. കോൺഗ്രസ് -സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയായിരുന്നു അന്ന് കമ്യൂണിസ്റ്റുകളുടെ പ്രവർത്തനം. 1940ൽ തമിഴ്നാട്ടിൽ ആദ്യ കമ്യൂണിസ്റ്റ് ഘടകം രൂപപ്പെട്ടപ്പോൾ അതിൽ പങ്കെടുത്ത ഒമ്പതുപേരിൽ ഒരാളായിരുന്നു. 1942ൽ മദ്രാസ് സ്റ്റുഡന്റ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറിയായി. ബ്രിട്ടീഷ് ഭരണകാലത്തും സ്വതന്ത്ര ഇന്ത്യയിലും എട്ടുവർഷത്തോളം ജയിൽവാസം അനുഭവിച്ചു. മൂന്നുവർഷം ഒളിവിലും കഴിഞ്ഞു. തമിഴ്നാട്ടിൽ വിദ്യാർഥിസമരത്തെ തുടർന്ന് അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിലെത്തി. കയ്യൂർ സമരപോരാളികളെ തൂക്കിലേറ്റുന്നസമയത്ത് ശങ്കരയ്യ കണ്ണൂർ ജയിലിലുണ്ട്.
ബിരുദ പഠനകാലത്ത് അണ്ണാമലൈ സർവകലാശാലയിൽ നടന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ശങ്കരയ്യ പ്രക്ഷോഭം സംഘടിപ്പിച്ചു. അന്ന് മധുരയിൽ ഒളിവിൽ കഴിഞ്ഞ എ.കെ.ജിയുടെ അനുഗ്രഹാശിസ്സുകൾ ഇതിനുണ്ടായിരുന്നു. പൊലീസ് വിദ്യാർഥികളുടെ ഹോസ്റ്റൽ റെയ്ഡ് ചെയ്തപ്പോൾ ശങ്കരയ്യ എഴുതിയ ലഘുലേഖ കിട്ടി. ഇതോടെ അദ്ദേഹം അറസ്റ്റിലും ജയിലിലുമായി. അതോടെ ബിരുദപരീക്ഷ എഴുതാനായില്ല. ആദ്യ ജയിൽവാസം തന്നെ 18 മാസം നീണ്ടു. 1948ൽ കൊൽക്കത്തയിൽ രണ്ടാം പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ ഒളിവിൽപോയി. മൂന്ന് കൊല്ലത്തിനുശേഷമാണ് അറസ്റ്റിലായത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി 1954ൽ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രവർത്തനകേന്ദ്രം ചെന്നൈയിലേക്ക് മാറ്റിയത്.
സി.പി.ഐക്കുള്ളിലെ ആശയഭിന്നത മൂർച്ഛിച്ച് ഒരു വിഭാഗം 1964ൽ ദേശീയ കൗൺസിൽ യോഗം വിട്ട് സി.പി.എം രൂപവത്കരിച്ചു. ഈ 32 അംഗ സംഘത്തിൽ ശങ്കരയ്യയും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ പിന്നീട് സി.പി.എമ്മിന്റെ പ്രധാന മുഖമായി മാറി.
കലാസാംസ്കാരിക രംഗത്ത് സജീവമായ ‘തമിഴ്നാട് മുർപോക്ക് എഴുത്താളർ സംഘത്തി’ന്റെ മുൻനിരയിലുണ്ടായിരുന്നു. കലയിലും സാഹിത്യത്തിലും എന്നും അതീവ താൽപര്യം പുലർത്തി. 1986 മുതൽ 2004 വരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും 2004 മുതൽ 2012 വരെ അഖിലേന്ത്യാ കൺട്രോൾ കമീഷൻ ചെയർമാനായും പ്രവർത്തിച്ചു. തമിഴ്നാട്ടിൽ എല്ലാവിഭാഗം രാഷ്ട്രീയ നേതാക്കളും ആദരവോടെ കണ്ട നേതാവായിരുന്നു ശങ്കരയ്യ. ശങ്കരയ്യയുടെ പേരില്ലാതെ തമിഴ്നാട്ടിലെ തൊഴിലാളി-കർഷക-കമ്യൂണിസ്റ്റ് ചരിത്രം എഴുതാനാകില്ല.
എ. നല്ലശിവത്തിന് ശേഷമാണ് സി.പി.എം തമിഴ്നാട് സെക്രട്ടറിയായി ചുമതലയേറ്റത്. ഇരുമ്പിന്റെ കരുത്തുള്ള സംഘാടകനായാണ് അദ്ദേഹം അറിയപ്പെട്ടത്. ശങ്കരയ്യയുടെ പ്രസംഗം സിംഹഗർജനം പോലെയാണെന്ന് നിര്യാതനായ കോൺഗ്രസ് നേതാവ് ജി.കെ. മൂപ്പനാർ വിശേഷിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡ-ജാതി രാഷ്ട്രീയ വാദങ്ങളോട് അകലംപാലിച്ചു. അപ്പോഴും പൗരാണിക തമിഴ് കൃതികൾ ആഴത്തിൽ മനസ്സിലാക്കാനും അപഗ്രഥിക്കാനും ശ്രമിച്ചു. സംഘകാല സാഹിത്യം വായിച്ചാൽ സർഗാത്മകത വറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തമിഴ്പാരമ്പര്യത്തിന്റെ കണ്ണിയായി നിൽക്കുമ്പോഴും വിപ്ലവത്തിന്റെ മാറ്റൊലിയാകാനായിരുന്നു എന്നും താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.