ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശങ്ങളും ബി.ജെ.പി സർക്കാർ ചെയ്യുന്ന കാര്യങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലാതായെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗത്തിന് പിന്നാലെയാണ് സിബലിന്‍റെ പ്രസ്താവന.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ആഗോളതലത്തിൽ കൂടുതൽ ശക്തവും ആദരണീയവുമായി മാറിയെന്നും എന്നാൽ ദുഷിച്ച ഗൂഢാലോചനകർ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുകയാണെന്നും ശനിയാഴ്ച ആർ.എസ്.എസ് മേധാവി പറഞ്ഞിരുന്നു.
‘വിജയദശമി ദിനത്തിൽ മോഹൻ ഭാഗവത് നല്ല പ്രസ്താവനയാണ് നടത്തിയത്. ഈ രാജ്യത്ത് ദൈവങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അത് സംഭവിക്കരുത്. സന്യാസിമാർ ഭിന്നിച്ചു. അതും സംഭവിക്കരുത്. ഇത് വ്യത്യസ്തമായ മതങ്ങളും ഭാഷകളും ഉള്ള ഒരു രാജ്യമാണ്. വാൽമീകി രാമായണം രചിച്ചു. അതിനാൽ എല്ലാ ഹിന്ദുക്കളും വാൽമീകി ദിവസ് ആഘോഷിക്കണമായിരുന്നു. എന്നാൽ, എന്തുകൊണ്ട് അത് നടക്കുന്നില്ല? മത സൗഹാർദ്ദം ഉള്ളിടത്തോളം അതങ്ങനെ നിലനിൽക്കും. മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം കുറച്ച് ചോദ്യങ്ങൾ ചോദിക്കാനും ആഗ്രഹിക്കുന്നു. താങ്കളുടെ പ്രസ്താവനക്കെതിരായി പ്രവർത്തിക്കുന്ന സർക്കാറിനെ ആർ.എസ്.എസ് പിന്തുണക്കുകയാണെന്നും’ അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
2014ന് ശേഷം സമൂഹത്തിൽ നിരവധി ഭിന്നതകൾ ഉണ്ടായെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബുൾഡോസറുകൾ പ്രവർത്തിപ്പിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി വിമർശിച്ചു. ‘ലൗ ജിഹാദ്’, ‘ഫ്ലഡ് ജിഹാദ്’ എന്നിങ്ങനെയുള്ള സംസാരം നടക്കുന്നു. ജനങ്ങളുടെ പൗരത്വത്തെ ആളുകൾ സംശയിക്കുന്നു. നിരവധി വിവാദ പ്രസ്താവനകൾ നടത്തുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ എന്തുകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല എന്ന് ആർ.എസ്.എസിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും എം.പി പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെയും പ്രത്യേകിച്ച് ഭയത്തിൽ കഴിയുന്ന ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. മഹാരാഷ്ട്രയിൽ എന്താണ് സംഭവിച്ചതെന്ന് നോക്കുക. എൻ.സി.പിയുടെ ബാബ സിദ്ദിഖി കൊല്ലപ്പെട്ടു. കൊലപാതകം പരസ്യമായി നടക്കുന്നു. നിങ്ങളുടെ അസം മുഖ്യമന്ത്രി വിവാദ പ്രസ്താവനകൾ നടത്തുന്നു. ഇതെക്കുറിച്ചൊക്കെ ആർ.എസ്.എസ് ഒന്നും പറയാത്തതിൽ താൻ അത്ഭുതപ്പെടുന്നുവെന്നും സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.